കേരളത്തിൽ വോട്ട് ബാങ്ക് പോലെ റീഡേഴ്സ് ബാങ്കുമുണ്ടെന്ന് പ്രശസ്ത എഴുത്തുകാരൻ കരുണാകരൻ. ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുന്ന ബെന്യാമിനും കെ ആർ മീരയും സച്ചിദാനന്ദനും അക്രമ രാഷ്ട്രീയത്തിനെതിരെ മിണ്ടില്ല, മിണ്ടിയാൽ ഉടുപ്പിൽ മൂത്രം പോകുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പരിഹസിച്ചു.
എഴുത്തുകാരുടെ മണ്ഡലമറിയാത്ത ഈ പാര്‍ട്ടി അടിമകളെ കൂവി ഇരുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. എഴുത്തുകാർ മനുഷ്യപക്ഷത്ത് നിൽക്കുന്ന സ്വതന്ത്ര ചിന്താഗതിക്കാർ ആകണം. അവർ പാർട്ടി അംഗങ്ങളാകാൻ പാടില്ല. അങ്ങനെ ആകുന്നത് ദുരന്തമാണെന്നും അദ്ദേഹം പറയുന്നു.
‘കേരളത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വോട്ട് ബാങ്കുപോലെ എഴുത്തുകാരുടെ റീഡേഴ്‌സ് ബാങ്ക് ഉണ്ട്. ആ ബാങ്കില്‍ കപട ഇടത് ഒരു വലിയ സംഖ്യയാണ്, മീരയും ബെന്യാമിനും എല്ലാം തങ്ങളുടെ പാര്‍ട്ടിയുടെ ഏത് അക്രമത്തെയും ഏത് അധീശത്വത്തെയും മറവിയിലേക്ക് കുഴിച്ചു മൂടുന്നത് ഈ റീഡേഴ്‌സ് ബാങ്കിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നില കൊള്ളാനാവില്ല. പൊളിറ്റിക്കല്‍ ജാഡ കാണിക്കാം എന്നല്ലാതെ.‘ അദ്ദേഹം പറയുന്നു.












