യുണൈറ്റഡ് നേഷന്‍സ്: ഏകദേശം 3,60,000 ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ എത്തിച്ചത് യെമനിലെ കോവിഡ് പ്രതിരോധത്തിന് പുതിയൊരു വഴിത്തിരിവായെന്ന് ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യ നല്‍കുന്ന 19 ലക്ഷം വാക്‌സിന്‍ ഡോസുകളില്‍ ആദ്യത്തെ ബാച്ചാണ് ഇപ്പോള്‍ യെമനില്‍ എത്തിയത്. കോവിഡിനെതിരായ യുദ്ധത്തില്‍ നാഴികക്കല്ലായി ഈ നീക്കം മാറിയെന്നും ഐക്യരാഷ്ട്രസഭാ പ്രതിനിധി പറഞ്ഞു.
ബുധനാഴ്ചയാണ് ആദ്യ ബാച്ച് വാക്‌സിന്‍ യെമനില്‍ എത്തിയത്. ”ആഡെനില്‍ എത്തിച്ചേരല്‍. ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സീന്‍ യെമനില്‍,” – വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
ആഡെനില്‍ യെമന്‍ ആരോഗ്യമന്ത്രി ഡോ.കാസിം ബുഹെയ്ബയുടെയും, പൊതുആരോഗ്യം-ജനസംഖ്യ ഉപമന്ത്രി ഡോ.അലി അല്‍വാലീദിയുടെയും സാന്നിധ്യത്തിൽ യൂണിസെഫ് പ്രതിനിധി ഫിലിപ്പ് ഡുവാമെല്ലെയും ലോകാരോഗ്യസംഘടനയുടെ പ്രതിനിധി ഡോ.ആദം ഇസ്മയിലും വാക്‌സിനുകള്‍ ഏറ്റുവാങ്ങി.
യുണിസെഫ്, ലോകാരോഗ്യസംഘടന, ഗവി, സെപി എന്നിവയുടെ സംയുക്തസംരംഭമായുള്ള കോവാക്‌സ് പദ്ധതിയിലൂടെയാണ് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സീന്‍ ഡോസുകള്‍ യെമനില്‍ എത്തിയതെന്ന് യൂണിസെഫ് പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post