കുണ്ടറ: മന്ത്രി മേഴ്സിക്കുട്ടിയമ്മ നുണ പറഞ്ഞ് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷം. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എതിർ സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ് പറഞ്ഞു. ഗുരുതര ചട്ടലംഘനമാണ് മന്ത്രി നടത്തിയത് എന്നാണ് ആക്ഷേപം.
ഇഎംസിസിയുടെ കാര്യത്തില്‍ മേഴ്സിക്കുട്ടിയമ്മ തുടക്കം മുതല്‍ കള്ളം പറയുകയാണ്. ഷിജു വര്‍ഗീസ് അറസ്റ്റിലായെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ കസ്റ്റഡിയും അറസ്റ്റും ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
മന്ത്രിക്കെതിരെ ഇഎംസിസി ഡയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ഷിജു എം വര്‍ഗീസും രംഗത്തെത്തിയിരുന്നു. താന്‍ കസ്റ്റഡിയില്‍ അല്ലെന്നും തന്നെ അപായപ്പെടുത്തുവാനുള്ള ശ്രമമാണ് നടന്നതെന്നും ഷിജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കൊല്ലം കണ്ണനല്ലൂർ- കുരീപ്പള്ളി റോഡിൽ വെച്ചാണ് ഷിജു എം വര്‍ഗീസിനെതിരെ ആക്രമണം ഉണ്ടായത്. ഇത് സംബന്ധിച്ച് പരാതി നല്‍കാനാണ് പോലീസ് സ്റ്റേഷനില്‍ പോയത്. തന്റെ കാറില്‍ നിന്ന് ഒന്നും തന്നെ പോലീസ് കണ്ടെത്തിയിട്ടില്ലെന്നും മേഴ്സിക്കുട്ടിയമ്മ ദുഷ്പ്രചരണം നടത്തുകയാണെന്നും ഷിജു വര്‍ഗീസ് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച ഷിജു വർഗീസിന്റെ വാഹനത്തിൽ നിന്നും ഇന്ധനം കണ്ടെത്തിയെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്തെന്നുമായിരുന്നു മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞത്.











