തിരുവനന്തപുരം: ലോകായുക്ത ഉത്തരവ് പ്രതികൂലമായിട്ടും മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ സംരക്ഷിക്കാന്‍ പഴുതുകള്‍ തേടുന്ന മുഖ്യമന്ത്രി കാട്ടുകള്ളനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മുഴുവന്‍ വാദങ്ങളും കേട്ട്, മാസങ്ങള്‍ നീണ്ട വിസ്താരം നടത്തി ലോകായുക്ത വിധി പറഞ്ഞിട്ടും ജലീലിനെ സംരക്ഷിക്കാന്‍ പഴുതുകള്‍ തേടുന്ന മുഖ്യമന്ത്രിയല്ലേ കാട്ടുകള്ളനെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. ലോകായുക്ത നിയമം കേരളത്തില്‍ കൊണ്ടുവന്ന ഇ.കെ. നായനാരുടെ ആത്മാവ് പിണറായിയോട് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി. ജലീല്‍ നടത്തിയ മുഴുവന്‍ നടപടികളും നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവുമാണ്. തോറ്റ കുട്ടികളെ മുഴുവന്‍ ജയിപ്പിച്ച മന്ത്രിയാണ് ജലീല്‍. കസ്റ്റംസ് ചോദ്യം ചെയ്യല്‍ നടപടികളുമായി മുന്നോട്ട് പോയപ്പോള്‍ തന്നെ രാജിവെക്കേണ്ടതായിരുന്നു. ഇപ്പോള്‍ ലോകായുക്ത പറഞ്ഞാല്‍ പോലും രാജിവെക്കുന്നില്ല. ജലീലിന് സ്വജനപക്ഷപാതത്തിന് ഒത്താശ ചെയ്തുകൊടുത്തത് മുഖ്യമന്ത്രിയാണ്. ജലീലിനെയും സ്പീക്കറെയും സംരക്ഷിക്കുന്ന പിണറായി വിജയന്‍ കാട്ടുകള്ളനാണെന്ന് ചെന്നിത്തല ആവർത്തിച്ചു.
മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കോടിയേരിയും കാനവും പറഞ്ഞത്. എന്നാല്‍, മുഖ്യമന്ത്രി ഒരു നടപടിയുമെടുത്തില്ല. കാരണം, അദ്ദേഹവും ഇതിലെ കൂട്ടുപ്രതിയാണ് എന്നതാണ്. അഴിമതിയും കൊള്ളയും നടത്തുന്ന ഒരു ഗവണ്‍മെന്‍റിനെയാണ് ജനം പുറത്താക്കാന്‍ കാത്തുനില്‍ക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post