തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റിൽ വ്യാപകമായി ഇരട്ട വോട്ടുകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്ക് കത്ത് നല്‍കി.
സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദവിവരം പുറത്ത് വിടണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്ന് ചെന്നിത്തല പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെയും പോസ്റ്റല്‍ ബാലറ്റ് ലഭിച്ചവരുടെയും റിട്ടേണിംഗ് ഓഫീസര്‍മാരുടെ കൈവശമുള്ള ബാക്കി വന്ന പോസ്റ്റല്‍ വോട്ടുകളുടെയും ബൂത്ത് തലത്തിലുള്ള വിവരങ്ങളും പുറത്തു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.
എൺപത് വയസ്സു കഴിഞ്ഞവരുടെ ഏത്ര പോസ്റ്റല്‍ ബാലറ്റുകളാണ് വിതരണം ചെയ്തത്, അവയില്‍ എത്ര എണ്ണം ബാക്കിയായി റിട്ടേണിംഗ് ഓഫീസര്‍മാരുടെ കൈവശം ഇരിപ്പുണ്ട് എന്നിവയുടെ വിശദ വിവരങ്ങളും ലഭ്യമാക്കണമെന്നും ചെന്നിത്തല കത്തിൽ പറയുന്നു. ഇരട്ട വോട്ടുകള്‍ എണ്ണരുതെന്ന കര്‍ശന നിര്‍ദേശം ജില്ലാ ഇലക്ട്രറല്‍ ഓഫീസര്‍മാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെടുന്നു.
Discussion about this post