ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ ഉദ്പാദനം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. തദ്ദേശീയ കൊവിഡ് വാക്സിനായ കൊവാക്സിന്റെ ഉദ്പാദനം പ്രതിമാസൻ നൂറ് മില്ല്യൺ എന്ന നിലയിലേക്ക് ഉയർത്താനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. സെപ്റ്റംബറോടെ ഈ ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ.
വാക്സിൻ ഉദ്പാദനം വർദ്ധിപ്പിക്കുന്നതിനായി ഭാരത് ബയോടെകിന് 65 കോടി രൂപ ഗ്രാൻഡായി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കൊവാക്സിന്റെ നിലവിലെ ഉദ്പാദനം മെയ്- ജൂൺ മാസങ്ങളിലായി ഇരട്ടിയാക്കാനാണ് തീരുമാനം. ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ ഇത് 7 മടങ്ങ് വരെ വർദ്ധിപ്പിക്കാനാകുമെന്നും കണക്ക് കൂട്ടുന്നു. സെപ്റ്റംബറോടെ ഇത് പത്ത് കോടി എന്ന നിരക്കിലെത്തിക്കാനാണ് നീക്കം.
കൂടാതെ വാക്സിൻ ഉദ്പാദനം വർദ്ധിപ്പിക്കാനായി പൊതുമേഖലാ സ്ഥാപനങ്ങളായ ഹാഫ്കൈൻ ബയോഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ്, ഭാരത് ഇമ്മ്യൂണോളജിക്കൽസ് ആൻഡ് ബയോളജിക്കൽസ് ലിമിറ്റഡ് എന്നിവയ്ക്ക് കൂടുതൽ പിന്തുണ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post