വാഷിംഗ്ടൺ: അമേരിക്കയിലെ ഫെഡെക്സ് വെടിവെപ്പിൽ കൊല്ലപ്പെട്ട എട്ട് പേരിൽ നാല് പേർ സിഖ് വംശജരെന്ന് റിപ്പോർട്ട്. ഇവർ അമേരിക്കൻ പൗരന്മാരാണ്. 48 വയസ്സുകാരി അമർജിത് കൗർ സെഖോൺ, ജസ്വീന്ദർ കൗർ, അമർജിത് കൗർ ജോഹർ, ജസ്വീന്ദർ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ആദ്യ മൂന്ന് പേരും സ്ത്രീകളാണ്.
ഹർപ്രീത് സിംഗ് ഗിൽ എന്ന മദ്ധ്യവയസ്കന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. അമേരിക്കയിലെ ഇൻഡ്യാനയിലെ ഫെഡെക്സ് ഓഫീസിന് മുന്നിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു തോക്കുധാരിയായ പത്തൊൻപതുകാരൻ വെടിവെപ്പ് നടത്തിയത്. എട്ട് പേരെ വെടിവെച്ച് കൊന്ന ശേഷം ബ്രാൻഡൻ സ്കോട്ട് എന്ന അക്രമിയും സ്വയം വെടിവെച്ച് മരിച്ചു.
സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും സിഖ് നേതാക്കളും ഫെഡെക്സ് മാനേജ്മെന്റും അനുശോചനം രേഖപ്പെടുത്തി. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും അമേരിക്കക്ക് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നതായും വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു.











