കൊല്‍ക്കത്ത: കൂച്ച് ബിഹാര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദ സന്ദേശം മുഖ്യമന്ത്രി മമത ബാനര്‍ജിയുടേത് തന്നെയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സമ്മതിച്ചു അതെ സമയം, മമതയുടെ ഫോണ്‍ സംഭാഷണം ബിജെപി നിയമവിരുദ്ധമായി റെക്കോര്‍ഡ് ചെയ്‌തെന്നും, ഇക്കാര്യത്തില്‍ നടപടി വേണമെന്നും തൃണമൂല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാള്‍ ചീഫ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തൃണമൂല്‍ നേതാക്കളായ യശ്വന്ത് സിന്‍ഹ, ഡെറിക് ഒബ്രയാന്‍, പൂര്‍ണേന്ദു ബസു എന്നിവര്‍ ബിജെപിക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതോടെയാണ് ശബ്ദ സന്ദേശം മമത ബാനര്‍ജിയുടേത് തന്നെയാണെന്ന കാര്യം സ്ഥിരീകരിച്ചത്. മമതയ്ക്ക് പുറമെ, തൃണമൂല്‍ സ്ഥാനാര്‍ത്ഥി പാര്‍ത്ഥ പ്രതിം റായിയുടെ ഫോണും ചോര്‍ത്തിയെന്നാണ് തൃണമൂലിന്റെ ആരോപണം. തന്റെ ഫോണ്‍ ചോര്‍ത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന പ്രതികരണവുമായി മമത ബാനര്‍ജിയും രംഗത്തുവന്നിട്ടുണ്ട്.
കൂച്ച് ബിഹാറില്‍ അക്രമാസക്തരായ ആള്‍ക്കൂട്ടം സിഐഎസ്‌എഫിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രാഷ്ട്രീയ റാലി സംഘടിപ്പിക്കണമെന്ന് സീതല്‍കുച്ചിയിലെ സ്ഥാനാര്‍ത്ഥിയായ പാര്‍ത്ഥ പ്രതിം റായിയോട് നിര്‍ദേശിക്കുന്ന മമതയുടെ ശബ്ദ സന്ദേശമാണ് ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
Discussion about this post