തൃശ്ശൂർ: ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകള്‍ ശ്രീമൂലം സ്ഥാനത്ത് വെച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ തൃശ്ശൂർ പൂരത്തിന്റെ ആഘോഷ ചടങ്ങുകള്‍ സമാപിച്ചു.
മേളത്തിന്റെ അകമ്പടിയില്ലാതെ ഇരുകൂട്ടരുടെയും ഓരോ ആനകള്‍ തിടമ്പുമായി വന്ന് പടിഞ്ഞാറേ നടയില്‍ അഭിമുഖമായി നിന്ന് ഉപചാരം ചൊല്ലുകയായിരുന്നു. രാവിലെ 11ന് നടക്കാറുള്ള ചടങ്ങ് ഇക്കുറി 8.30ന് ആയിരുന്നു. ഉച്ചവരെ ഉണ്ടാകാറുള്ള പകല്‍പ്പൂരവും പിന്നീടുള്ള ഉപചാരം ചൊല്ലി പിരിയലും രാവിലെ തന്നെ പൂര്‍ത്തിയാക്കിയാണ് പൂരം ആഘോഷങ്ങള്‍ അവസാനിപ്പിച്ചത്.
തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനിടെ ഇന്നലെ ആല്‍മരം വീണ്ടുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചതോടെയാണ് പൂരചടങ്ങുകള്‍ വെട്ടിക്കുറച്ചത്.
അടുത്ത തൃശ്ശൂർ പൂരത്തിനായുള്ള തീയതി നിശ്ചയിച്ച ശേഷമാണ് ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചത്
2022 മെയ് 10 നാണ് അടുത്ത തൃശ്ശൂർ പൂരം. മെയ് 11 നായിരിക്കും പകല്‍പ്പൂരം നടക്കുക.
തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേരാണ് ആല്‍മരം വീണ്ടുണ്ടായ അപകടത്തില്‍ മരിച്ചത്. നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. 25 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്










