കാസർകോട്: കുമ്പളയിൽ സിപിഎം- എസ്ഡിപിഐ സംഘർഷം. സിപിഎം നേതാവിന്റെ വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. പിന്നിൽ എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിക്കുന്നു.
അക്രമം ചെറുക്കുന്നതിനിടെ പരിക്കേറ്റ നേതാവും ഭാര്യയും മകനും ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ഷകസംഘം ജില്ല കമ്മിറ്റി അംഗവും സി.പി.എം അംഗവുമായ ബംബ്രാണ കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ വീടാണ് തകര്‍ത്തത്.
ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഒരു സംഘം വീട് തകര്‍ത്തതായി ചൂണ്ടിക്കാട്ടി അബ്ദുല്ലക്കുഞ്ഞി കുമ്പള പൊലീസിൽ പരാതി നൽകുകയായിരുന്നു. പരിക്കേറ്റ അബ്ദുല്ലക്കുഞ്ഞി, ഭാര്യ റുഖിയ, മകന്‍ അബ്ദുല്‍ റഹീം എന്നിവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീട് തകര്‍ത്തതിലൂടെ എസ്.ഡി.പി.ഐയുടെ ഭീകര മുഖമാണ് പുറത്തായതെന്നും സംഭവത്തില്‍ പ്രതിഷേധിക്കുന്നതായും സിപിഎം അറിയിച്ചു. എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റിനും അക്രമികള്‍ക്കുമെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
എന്നാൽ സംഭവം എസ്ഡിപിഐ നിഷേധിച്ചു. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നും ഇത് സിപിഎം ഗുണ്ടായിസമാണെന്നുമാണ് എസ്ഡിപിഐയുടെ വാദം.












