റിയാദ്: കോവിഡ് 19 അതിതീവ്രവ്യാപനം ശക്തിയാര്‍ജ്ജിച്ചതോടെ രാജ്യത്തേക്ക് 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാനുള്ള സൌദിയുടെ തീരുമാനവുമായി സൗദി അറേബ്യ. അദാനി ഗ്രൂപ്പുമായും എംഎസ് ലിന്‍ഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് സൌദി അറേബ്യ ഓക്സിജന്‍ ഇന്ത്യയിലേക്ക് എത്തിക്കുക.
ഇന്ത്യയിലേക്ക് ഓക്സിജനും അനുബന്ധ സൌകര്യങ്ങളും നല്‍കുമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസിയാണ് വ്യക്തമാക്കിയത്. എംബസി ചിത്രങ്ങള്‍ അടക്കമാണ് ഈ സുപ്രധാന തീരുമാനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഈ ദൌത്യത്തിനായി ഗൌതം അദാനിയുമായും ലിന്‍ഡെയുമായും സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും എംബസി ട്വീറ്റില്‍ കുറിച്ചു.
ദമാമില്‍ നിന്ന് നേരിട്ട് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തേക്കാണ് ടാങ്കുകളും ലിക്വിഡ് ഓക്സിജനും എത്തിക്കുക. ഇവിടുന്നായിരിക്കും വിതരണം ആരംഭിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അടിയന്തരമായി ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ദമ്മാമില്‍ നിന്നുള്ള ആദ്യത്ത ലോഡ് മുന്ദ്ര തുറമുഖത്തേക്കുള്ള യാത്രയിലാണെന്നും അദാനി ട്വിറ്ററില്‍ കുറിച്ചു.
ഇപ്പോള്‍ പ്രഖ്യാപിച്ച ക്രയോജനിക് ടാങ്കുകള്‍ക്ക് പുറമേ, സൗദിയില്‍ നിന്ന് 5000 മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകളും ഇന്ത്യയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുതായി ഗൗതം അദാനി പറഞ്ഞു.
സൌദി മുന്‍കയ്യെടുത്ത് ഇന്ത്യയിലേക്ക് ഇത്തരം സഹായങ്ങളെത്തിക്കുന്നതിന് ഡോ ഔസാഫ് സഈദിന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ നന്ദിയറിയിച്ചു.
Discussion about this post