ഡൽഹി: രാജ്യത്ത് ഓക്സിജന്റെയും അനുബന്ധ ഉപകരണങ്ങളുടെയും അമിതമായ ആവശ്യകത കണക്കിലെടുത്ത്, ഇവയ്ക്ക് പ്രധാന തുറമുഖങ്ങൾ ഈടാക്കുന്ന എല്ലാ ചാർജുകളും (കപ്പലുമായി ബന്ധപ്പെട്ട ചാർജുകൾ, സംഭരണ നിരക്കുകൾ ഉൾപ്പെടെ) എഴുതിത്തള്ളാൻ കാമരാജർ പോർട്ട് ലിമിറ്റഡ് ഉൾപ്പെടെ എല്ലാ പ്രധാന തുറമുഖങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകി.
മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ ടാങ്ക്, ഓക്സിജൻ ബോട്ടിൽ, പോർട്ടബിൾ ഓക്സിജൻ ജനറേറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റർ, ഓക്സിജൻ സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്നതിന് ആവശ്യമായ സ്റ്റീൽ പൈപ്പുകൾ തുടങ്ങിയവ വഹിക്കുന്ന ചരക്കു കപ്പലുകൾക്ക് ബെർത്തിങ് ശ്രേണിയിൽ, അടുത്ത മൂന്ന് മാസത്തേക്ക് അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഉയർന്ന മുൻഗണന നൽകാനും സർക്കാർ ആവശ്യപ്പെട്ടു.
അത്തരം കപ്പലുകൾക്ക് തുറമുഖത്ത് മുൻഗണന നൽകി ഓക്സിജനുമായി ബന്ധപ്പെട്ട ചരക്ക് ഇറക്കൽ, കസ്റ്റംസും മറ്റ് അധികാരികളുമായി ഏകോപനം, വേഗത്തിൽ രേഖകൾ ശരിയാക്കി ഓക്സിജനുമായി ബന്ധപ്പെട്ട സുഗമമായ ചരക്കുനീക്കം എന്നിവയ്ക്കായി വ്യക്തിപരമായി മേൽനോട്ടം വഹിക്കാൻ പോർട്ട് ചെയർപേഴ്‌സൺമാർക്ക് നിർദേശം നൽകി. ഇത്തരം കപ്പലുകൾ മറ്റ് സാമഗ്രികളും വഹിക്കുന്നുണ്ടെങ്കിൽ തുറമുഖത്ത് കൈകാര്യം ചെയ്യുന്ന മൊത്തത്തിലുള്ള ചരക്കുകളുടെ അളവ് കണക്കിലെടുത്ത് പ്രോ-റാറ്റാ അടിസ്ഥാനത്തിൽ, ഓക്സിജനുമായി ബന്ധപ്പെട്ട ചരക്കുകളുടെ ചാർജുകൾ മാത്രം എഴുതിത്തള്ളണം.
Discussion about this post