തൃശ്ശൂർ: കൊടകരയിൽ ഒരു ദേശീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കുഴൽപ്പണം മോഷ്ടിച്ചുവെന്ന് ആരോപണം നേരിടുന്ന കുഴൽപ്പണക്കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും, ഈ കേസിൽ ബിജെപിയെ കൂട്ടിക്കെട്ടുന്നത് സിപിഎമ്മിന്‍റെ ഗൂഢാലോചനയാണെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ കെ അനീഷ് കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫണ്ട് പാർട്ടി നൽകുന്നത് അക്കൗണ്ട് വഴിയാണ്. ഇതിന് കണക്കുണ്ട്. ദുഷ്പ്രചാരണം നടത്തുന്ന സിപിഎമ്മിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ. കെ കെ അനീഷ് കുമാർ വ്യക്തമാക്കി
“പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ്. പാർട്ടി നൽകുന്ന പണം കൂടാതെ ബാക്കി ചെലവിനാവശ്യമായ പണം കണ്ടെത്തുന്നത് പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്താണ്. ഈ കണക്കുകളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുകയും കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നൽകുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപി. ഈ വസ്തുതകൾക്ക് വിരുദ്ധമായി ബിജെപിയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്”. അനീഷ് കുമാർ ആരോപിച്ചു
കൊടകരയിൽ കവർന്നുവെന്ന് ആരോപിക്കപ്പെടുന്ന കുഴൽപ്പണം ഏത് പാർട്ടിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും, ചോദ്യം ചെയ്യൽ നടക്കുന്നതായും ഡിജിപി വിശദീകരിക്കുന്നു. തൃശ്ശൂർ എസ്‍പിയുടെ റിപ്പോർട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്
Discussion about this post