കൊച്ചി: എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ.ഷഹലയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി. എച്ച്‌ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്‌തികയില്‍ മെയ് ഏഴുവരെ സ്ഥിരനിയമനം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കമുണ്ടെന്ന് കാണിച്ച് ഉദ്യോഗാര്‍ത്ഥിയായ എം പി ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പോലും ലംഘിച്ച് അഭിമുഖം നടത്തിയതിന് പിന്നില്‍ സ്ഥാപിത താല്‍പര്യം ഉണ്ടെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്.
തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഏപ്രില്‍ 16ന് 30 ഉദ്യോഗാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ അഭിമുഖം നടത്തിയിരുന്നു. ഇതില്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലയും ഉള്‍പ്പെട്ടിരുന്നു. ഷഹലയെ പിന്‍വാതിലിലൂടെ നിയമിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി സേവ് യൂണിവേഴിസിറ്റി ഫോറം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ സഹലയെ യുജിസി എച്ച് ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ സ്ഥിരനിയമനം നടത്താന്‍ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല വിസിയെ കഴിഞ്ഞ ദിവസം കെ.എസ്.യു ഉപരോധിച്ചിരുന്നു.
2020 ജൂണ്‍ മുപ്പതിനാണ് കണ്ണൂര്‍ സര്‍വകലാശാല എച്ച്‌ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആര്‍ഡി സെന്ററിലെ തസ്തികകള്‍ താല്‍ക്കാലികമാണെങ്കിലും അസിസ്റ്റന്റ് പ്രൊഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേര്‍ക്ക് ഇമെയില്‍ ആയാണ് അയച്ചിരിക്കുന്നതെന്നുമാണ് ആരോപണം.
Discussion about this post