ഡൽഹി: രാജ്യത്ത് രൂക്ഷമായ കൊവിഡ് വ്യാപനത്തെ തുടർന്ന സംജാതമായ കൊവിഡ് ആവശ്യകത പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. 500 ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ മൂന്നുമാസത്തിനകം പി.എം. കെയർ ഫണ്ടുപയോഗിച്ച് പ്ലാന്റുകൾ സ്ഥാപിക്കാനാണ് തീരുമാനം.
ചെറുയുദ്ധവിമാനമായ തേജസ്സിൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് നിർമ്മാണം. 380 പ്ലാന്റുകൾക്ക് നിർമ്മാണാനുമതി ലഭ്യമായി. നേരിട്ട് ആശുപത്രി കിടക്കകളിലേക്ക് വിതരണം ചെയ്യാവുന്ന സാന്ദ്രതയിലുള്ള ഓക്സിജനാണ് ഉത്പാദിപ്പിക്കുന്നത്. മെഡിക്കൽ ഓക്സിജൻ സിലിൻഡറുകളിൽ നിറച്ചും ഇവ ഉപയോഗിക്കാൻ സാധിക്കും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്ലാന്റുകളാണ് നിർമ്മിക്കുന്നത്. വടക്കുകിഴക്കൻ മേഖലയിലെയും ലഡാക്കിലെയും ചില സൈനിക ആശുപത്രികളിൽ ഇത്തരം പ്ലാന്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഉന്നത ഗുണനിലവാരത്തിലുള്ള ഓൺസൈറ്റ് പരിപാലനമാണ് ഇവയ്ക്ക് ഏർപ്പെടുത്തുക.
മിനിറ്റിൽ 1000 ലിറ്റർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റുകളാണ് രൂപകല്പന ചെയ്തിട്ടുള്ളത്. . അന്തരീക്ഷ വായുവിൽനിന്ന് നേരിട്ട് ഓക്സിജൻ വലിച്ചെടുത്തുപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവയിലുള്ളത്. ബെംഗളൂരു ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് 332-ഉം കോയമ്പത്തൂർ ട്രൈഡന്റ് ന്യൂമാറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് 48-ഉം പ്ലാന്റുകളാണ് നിർമിക്കുക. ഇരുസ്ഥാപനങ്ങൾക്കും ഇതിനുള്ള സാങ്കേതികവിദ്യ ഡി.ആർ.ഡി.ഒ. നൽകി കഴിഞ്ഞു.
Discussion about this post