കോട്ടയം: ഓടുന്ന തീവണ്ടിയ്ക്കുള്ളിൽ യുവതിക്ക് നേരെ ആക്രമണം നടത്തി ആഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി പിടിയിലായതായി സൂചന. പ്രതിയെന്നു കരുതുന്ന ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് പിടിയിലായിരിക്കുന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ നിന്നു പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരുക്കേറ്റിട്ടുണ്ട്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് യുവതി.
മുളന്തുരുത്തി സ്നേഹനഗർ കാർത്യായനി സദനത്തിൽ രാഹുലിന്റെ ഭാര്യ ആശയാണ് (31) ഗുരുവായൂർ–പുനലൂർ എക്സ്പ്രസ് ട്രെയിനിൽ ആക്രമണത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് റെയിൽവേ പൊലീസ് പറയുന്നത് ഇങ്ങനെയാണ്: ഇന്നലെ രാവിലെ 8.45നാണു സംഭവം. ചെങ്ങന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരിയായ ആശ, ജോലിസ്ഥലത്തേക്കു മുളന്തുരുത്തിയിൽ നിന്നാണു ട്രെയിനിൽ കയറിയത്. മറ്റൊരു കോച്ചിലുണ്ടായിരുന്ന അക്രമി, ട്രെയിൻ വിടുന്നതിനു തൊട്ടു മുൻപ് ഇൗ കോച്ചിലേക്കു മാറിക്കയറി. ഈ സമയത്തു കോച്ചിൽ മറ്റാരുമുണ്ടായിരുന്നില്ല. വാതിലുകൾ അടച്ച ശേഷം, ആശയുടെ സമീപത്തു വന്നിരുന്ന് ഇയാൾ മൊബൈൽ പിടിച്ചു വാങ്ങി ജനലിലൂടെ പുറത്തേക്കെറിഞ്ഞു.
സ്ക്രൂ ഡ്രൈവർ കാണിച്ചു ഭീഷണിപ്പെടുത്തി ഓരോ പവൻ വീതമുള്ള സ്വർണ മാലയും വളയും കവർന്നു. ഇതിനു ശേഷം യുവതിയുടെ മുടിയിൽ പിടിച്ച്, ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചിഴച്ചു. ആക്രമണം ചെറുത്ത യുവതി വാതിൽ തുറന്ന്, ഓടുന്ന ട്രെയിനിന്റെ വാതിൽപ്പിടിയിൽ പിടിച്ചു കുറച്ചു നേരം പുറത്തേക്ക് തൂങ്ങിക്കിടന്നു. അക്രമി കൈകൾ വിടുവിച്ചതോടെ യുവതി പുറത്തേക്കു വീണു. 10 മിനിറ്റിലാണ് സംഭവങ്ങളെല്ലാം നടന്നത്.
കാഞ്ഞിരമറ്റം, പിറവം റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഒലിപ്പുറം പാലത്തിനു സമീപമാണു യുവതി വീണത്. റെയിൽവേ ട്രാക്കിൽ വീണു കിടന്ന യുവതിയെ നാട്ടുകാരാണു കണ്ടെത്തി ഭർത്താവിനെ വിവരമറിയിച്ചത്. ബാബുക്കുട്ടനാണു പ്രതിയെന്നു ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണു കണ്ടെത്തിയത്. നേരത്തേയും കേസുകളിൽ പ്രതിയായ ഇയാളുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞു.
കോച്ചിൽ താൻ ഒറ്റയ്ക്കാണെന്നും അപരിചിതനായ ഒരാൾ വാതിലുകൾ അടയ്ക്കുന്നുണ്ടെന്നും യാത്ര തുടങ്ങിയപ്പോൾ ആശ സഹോദരിയെ വിളിച്ചു പറഞ്ഞിരുന്നതായി ഭർത്താവ് രാഹുൽ പറയുന്നു. കുഴപ്പമില്ലെന്നു പറഞ്ഞാണു ഫോൺ വച്ചത്. ഇതിനു ശേഷമാണ് അയാൾ അടുത്തു ചെന്നു ഫോൺ വാങ്ങി പുറത്തേക്കെറിയുകയും ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി മാലയും വളയും പിടിച്ചുപറിക്കുകയും ചെയ്തത്. വീണ്ടും ആക്രമിക്കാൻ ശ്രമിച്ചതോടെയാണു രക്ഷപ്പെടാൻ ശ്രമിച്ചത്. പരുക്കേറ്റു വീണ സ്ഥലത്തെ നാട്ടുകാരുടെ ഫോണിൽനിന്നാണ് തന്നെ വിളിച്ചതെന്ന് രാഹുൽ പറയുന്നു.











