കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വമ്പൻ രാഷ്ട്രീയ നേട്ടമുണ്ടാക്കി ബിജെപി. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 3 സീറ്റുകളിൽ മാത്രം വിജയം നേടിയ ബിജെപി ഇത്തവണ 115 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്.
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഏറെക്കുറെ ഭൂരിപക്ഷം ഉറപ്പിച്ച് കഴിഞ്ഞു. നൂറ്റിയെഴുപതിലധികം സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്.
ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച തെരഞ്ഞെടുപ്പ് പ്രചാരണം തൃണമൂൽ കോൺഗ്രസിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. നന്ദിഗ്രാമിൽ മുൻ ടിഎംസി നേതാവും മമത ബാനർജിയുടെ അടുത്ത അനുയായിയുമായ സുവേന്ദു അധികാരി അയ്യായിരത്തിൽ പരം വോട്ടുകൾക്ക് മുന്നിൽ നിൽക്കുകയാണ്. സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കാനെത്തിയത്. മമതയെ പരാജയപ്പെടുത്തിയില്ലെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് സുവേന്ദു വ്യക്തമാക്കിയിരുന്നു. എന്നാൽ സുവേന്ദുവിന്റെ വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമിൽ മാത്രമാണ് മമത ബാനർജി മത്സരിച്ചത്.
ഇടത്- കോൺഗ്രസ് സഖ്യം ബംഗാളിൽ പൂർണ്ണമായും അപ്രസക്തമായി. ഒരു സീറ്റിൽ മാത്രമാണ് ഇവർ മുന്നിൽ നിൽക്കുന്നത്. ബിജെപി മുന്നോട്ട് വെച്ച രാഷ്ട്രീയം ബംഗാൾ ജനത സ്വീകരിച്ചതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. വർഗ്ഗീയ പ്രീണനം, അഴിമതി, സ്വജനപക്ഷപാതം, ബംഗ്ലാദേശ് ഭീകരരുടെ കടന്നു കയറ്റം, തൊഴിലില്ലായ്മ, വികസന മുരടിപ്പ് തുടങ്ങി ബിജെപി ഉന്നയിച്ച വിഷയങ്ങളെ കൃത്യമായി അഭിമുഖീകരിക്കാതെ ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാൻ സാധിക്കില്ല എന്ന തിരിച്ചറിവാണ് തെരഞ്ഞെടുപ്പ് ഫലം തൃണമൂൽ കോൺഗ്രസിന് നൽകുന്നത്.









