കൊച്ചി∙ സംസ്ഥാനം പൂണെ സീറം ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് നേരിട്ടു വില കൊടുത്തു വാങ്ങിയ വാക്സീന്റെ ആദ്യ ബാച്ച് കൊച്ചിയിൽ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തി. കോവിഷീൽഡിന്റെ മൂന്നരലക്ഷം ഡോസ് വാക്സീനാണ് എത്തിയിരിക്കുന്നത്.
പൂണെ സീറം ഇൻസ്റ്റിറ്റൂട്ടിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിച്ച വാക്സീൻ മഞ്ഞുമ്മലിലുള്ള കേരള മെഡിക്കൽ കോർപ്പറേഷന്‍ വെയർഹൗസിൽ എത്തിക്കും. തുടർന്ന് സംസ്ഥാനത്തെ വിവിധ റീജിയണൽ വാക്സീൻ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനാണു തീരുമാനം.
വാക്സീൻ വിതരണത്തിന്റെ മുൻഗണന സംബന്ധിച്ച മാർഗരേഖ വൈകാതെ സർക്കാർ പുറത്തിറക്കും. ഗുരുതര രോഗമുള്ളവർക്കും അവശ്യവസ്തു വിഭാഗത്തിൽപെടുത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ ജീവനക്കാർക്കും ഈ ഘട്ടത്തിൽ വാക്സീൻ വിതരണം ചെയ്യുന്നതാണ് പരിഗണനയിലുള്ളത്. രണ്ടാം ഡോസ് എടുക്കേണ്ടവർക്കും ഇക്കൂടെ വാക്സീൻ നൽകും.
ഒരു കോടി ഡോസ് വാക്സീൻ നിർമാണക്കമ്പനികളിൽ നിന്നു നേരിട്ടു വിലകൊടുത്തു വാങ്ങുന്നതിനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ 75 ലക്ഷം കോവാക്സീനും 25 ലക്ഷം കോവീഷീൽഡുമാണ് ഉള്ളത്.
Discussion about this post