ടെൽ അവീവ്: ഹമാസിന്റെ പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി ഇസ്രായേൽ. പത്ത് മണിക്കൂറിലധികമായി തുടർന്നു വന്ന റോക്കറ്റ് ആക്രമണത്തിന് ഇസ്രായേൽ നൽകിയ തിരിച്ചടിയിൽ 20 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒൻപത് പേർ കുട്ടികളാണ്. ജറുസലേമിലും വെസ്റ്റ് ബാങ്കിലുമായി നടന്ന ആക്രമണങ്ങളിൽ 700 പേർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
പത്ത് മണിക്കൂറിലധികമായി ഗാസ മുനമ്പിൽ ശക്തമായ റോക്കറ്റ് ആക്രമണം നടന്നിരുന്നതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഹമാസിന്റെ ഈ നടപടിക്ക് ഉചിതമായ തിരിച്ചടിയുണ്ടാകുമെന്നും ഇസ്രായേൽ അറിയിച്ചിരുന്നു.
നേരത്തെ കിഴക്കൻ ജറുസലേമിലെ അൽ അക്സ പള്ളിയിൽ നിന്നും ഷെയ്ഖ് ജാറയിൽ നിന്നും 6.00 മണിക്ക് മുൻപ് സൈനികരെ പിൻവലിക്കണമെന്ന് ഹമാസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ഇസ്രായേൽ തയ്യാറാകാതിരുന്നതോടെയാണ് റോക്കറ്റ് ആക്രമണം ആരംഭിച്ചത്.
ഗാസ മുനമ്പിൽ നിന്നും ഇസ്രായേലിലേക്ക് ഏകദേശം നൂറ്റിയൻപതോളം റോക്കറ്റുകളാണ് അയച്ചത്. ഇവയിൽ പലതിനെയും മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കാൻ ഇസ്രായേലിന് സാധിച്ചിരുന്നു.
Discussion about this post