ചണ്ഡീഗഢ്: രാജ്യത്ത് കോൺഗ്രസ് പിടിച്ചു നിൽക്കുന്ന അപൂർവം സംസ്ഥാനങ്ങളിൽ ഒന്നായ പഞ്ചാബിലും പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാകുന്നു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെ രൂക്ഷവിമർശനങ്ങളാണ് പാർട്ടി നേതാവ് നവജ്യോത് സിംഗ് സിദ്ധു ഉന്നയിക്കുന്നത്.
പഞ്ചാബിന്റെ ആത്മാഭിമാനമാണ് പാർട്ടിയെക്കാൾ വലുതെന്നും പാർട്ടി സഹപ്രവർത്തകരിൽ നിന്നും ആക്രമണം അവസാനിപ്പിക്കണമെന്നും സിദ്ധു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് അമരീന്ദറിനെ ഉന്നം വെച്ചാണ് എന്നാണ് വിലയിരുത്തൽ. അതിനിടെ അച്ചടക്ക ലംഘനത്തിന് സിദ്ധുവിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴു മന്ത്രിമാര്‍ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നതും വിവാദമായിരിക്കുകയാണ്.
അതേസമയം പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുന്ന സാഹചര്യത്തിൽ നേതൃത്വത്തിൽ നിന്നും പിന്തുണ കിട്ടാത്തത് സിദ്ധുവിനെ അസ്വസ്ഥനാക്കുന്നുണ്ട്. ഇത് ബിജെപിയിലേക്കുള്ള സിദ്ധുവിന്റെ മടങ്ങിപ്പോക്കിന് കാരണമാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്. ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച സിദ്ധു 2004ലും 2009ലും അമൃത്സര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ചിരുന്നു. 2016ല്‍ രാജ്യസഭാ അംഗമായതിന് പിന്നാലെ ബി.ജെ.പിയില്‍നിന്ന് രാജിവെച്ച് ‘ആവാസേ പഞ്ചാബ്’ എന്ന രാഷ്ട്രീയ മുന്നണിയുണ്ടാക്കി.
2017 ജനുവരിയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയാണ് അമൃത്സര്‍ ഈസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച് നിയമസഭയിലെത്തിയത്. തുടർന്ന് അമരീന്ദർ സിംഗ് മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായ സിദ്ധു 2019 ജൂലൈയിൽ മന്ത്രിസഭയിൽ നിന്നും രാജി വെക്കുകയായിരുന്നു.
Discussion about this post