തിരുവനന്തപുരം: 18-45 വയസിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ ശനിയാഴ്ച മുതല്‍ റജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും, തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വാക്‌സിന്‍ എടുക്കാന്‍ തിരക്കു കൂട്ടേണ്ടതില്ലെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞേ രണ്ടാമത്തെ ഡോസ് അനുവദിക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവാക്‌സിന്‍ രണ്ടാമത്തെ ഡോസ് 46 ആഴ്ചയ്ക്കുള്ളില്‍ എടുക്കണം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം അനുസരിച്ചാണിത്.
വാക്‌സിന്‍ എടുത്താലും മാസ്‌ക് ധരിക്കണം. വീടും പരിസരവും ശുചിയാക്കാനുള്ള പ്രവര്‍ത്തനം നടത്താന്‍ 16ന് ഡ്രൈഡേ ആചരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തും. കൂടുതല്‍ പേര്‍ കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണം. ആശുപത്രികളില്‍ അധികമായി കിടക്കകള്‍ സജ്ജമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.












