കൊൽക്കത്ത: ബംഗാളിലെ അതിക്രമങ്ങൾ അപമാനകരമെന്ന് ഗവർണ്ണർ ജഗദീപ് ധാങ്കർ. വിഷയത്തിൽ എത്രയും വേഗം നടപടിയെടുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ടു.
രാജ്യം കടുത്ത കൊവിഡ് പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ അക്രമങ്ങൾ അരങ്ങേറുന്നത് അപമാനകരമാണ്. തെരഞ്ഞെടുപ്പിന് ശേഷം ഇത്തരത്തിലുള്ള അതിക്രമങ്ങൾ മുൻപ് കേട്ടുകേൾവി ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ അഗ്നിപർവ്വതത്തിന് മുകളിൽ ഇരിക്കുന്ന അവസ്ഥയിലാണ്. ഏത് നേരവും വീടും നാടും ഉപേക്ഷിച്ച് പോകേണ്ടി വരുമോയെന്ന് ഭയപ്പെട്ടാണ് അവർ ജീവിക്കുന്നത്. രോഗവ്യാപനത്തിന് പുറമെ അക്രമങ്ങളും ജനങ്ങളുടെ സമാധാനം കെടുത്തിയിരിക്കുകയാണ്. കൊലപാതകം, ബലാത്സംഗം, കൊള്ള, നാടുകടത്തൽ തുടങ്ങി വിവിധങ്ങളായ പ്രതിസന്ധികളെ അവർ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും പുനരധിവാസത്തിനും ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതിനും ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും അവർ മുന്നിൽ ഉണ്ടാകണമെന്നും ഗവർണ്ണർ ആവശ്യപ്പെട്ടു.
സമൂഹം ഐക്യത്തോടെ നിലനിൽക്കണം. എന്നാൽ നിലവിൽ സംസ്ഥാനത്ത് ഛിദ്രശക്തികൾക്കാണ് മേൽക്കൈ. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിക്രമങ്ങളുടെ ഇരകൾ പൊലീസിനെയും ഭയപ്പെടുന്ന അവസ്ഥയാണ്. പരാതിയുമായി പൊലീസ് സ്റ്റേഷനുകളിൽ ചെന്നാൽ വാദി പ്രതിയാകുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും ഗവർണ്ണർ ജഗദീപ് ധാങ്കർ ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ട നന്ദിഗ്രാം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post