ബെംഗളൂരു: പത്തനംതിട്ട കാനറ ബാങ്ക് ശാഖയിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ കാഷ്യർ പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് ബെംഗളൂരുവില്‍നിന്ന് അറസ്റ്റിലായത്. അക്കൗണ്ടിൽ തിരിമറി നടത്തി 8 കോടി 13 ലക്ഷം രൂപയാണ് ഇയാൾ അപഹരിച്ചത്.
14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64,539 രൂപയാണ് കൈക്കലാക്കിയത്. സ്ഥിരം നിക്ഷേപങ്ങളിൽ നിന്നോ, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാതിരുന്ന അക്കൗണ്ടുകളിലെ പണവും ആണ് നഷ്ടപ്പെട്ടത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയിൽ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതർ പരിശോധന തുടങ്ങിയത്
ഫെബ്രുവരി മാസത്തിൽ തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നതോടെ പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവിൽ പോയിരുന്നു. ബാങ്കിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് മാസമായി ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും തുമ്പൊന്നും ലഭിക്കാതിരുന്നത് അന്വേഷണത്തെ വലച്ചു. വീജീഷിന്റെയും ഭാര്യയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതും തിരിച്ചടിയായി.
വിജീഷ് വർഗീസ് ബാങ്കിൽ എല്ലാ ഉദ്യോഗസ്ഥരുടെയും കണ്ണിലുണ്ണിയായിരുന്നു. ഇയാളുടെ സഹായം സ്വീകരിക്കാത്തവരായി ചുരുക്കം ഉദ്യോഗസ്ഥർ മാത്രമേയുള്ളൂ. നാവിക സേനയിൽനിന്നു വിരമിച്ച ശേഷമാണ് വിജീഷ് രണ്ടു വർഷം മുമ്പു ജോലിയിൽ പ്രവേശിച്ചത്. ക്ലർക്കിന്റെ ചുമതലയാണ് ഉണ്ടായിരുന്നതെങ്കിലും മറ്റു ജീവനക്കാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും ജോലിയിൽ സഹായിച്ചിരുന്നു. ഇയാൾ കഴിഞ്ഞ വർഷം ഒരു ദിവസം പോലും ലീവ് എടുത്തിരുന്നില്ല.
കഴിഞ്ഞ ലോക്ഡൗണിൽ മറ്റ് ഉദ്യോഗസ്ഥരെ വർക്ക് ഫ്രം ഹോമിനു നിർബന്ധിക്കുകയും പകരം താൻ ബാങ്കിലെത്താമെന്നു സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ലോക്ഡൗൺ കാലത്ത് മുഴുവൻ സമയവും ഇയാൾ ജോലിക്കെത്തിയിരുന്നു. വിജീഷിന് ഉച്ചഭക്ഷണം കഴിക്കുന്ന ശീലമില്ലെന്നു സഹപ്രവർത്തകർ പറഞ്ഞു. ലഞ്ച് ടൈമിൽ പുറത്തുപോയി ജ്യൂസ് കഴിച്ച് പത്തുമിനിറ്റിനുള്ളിൽ മടങ്ങിയെത്തി ജോലി തുടരും. ഇത് മറ്റു ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും ഇടപാടുകാർക്കും ഇയാളിൽ മതിപ്പുണ്ടാക്കി. പലപ്പോഴും ഓഫിസ് സമയം കഴിഞ്ഞു വൈകിയും ഇയാൾ ബാങ്കിൽ സമയം ചെലവഴിച്ചിരുന്നു.
ബാങ്കിലെ ഓരോ കംപ്യൂട്ടറിനും പ്രത്യേകം ലോഗ് ഇൻ നെയിമും പാസ്‌വേഡുമുണ്ട്. ഇവ അതാത് ഉദ്യോഗസ്ഥർ അതീവ രഹസ്യമായി സൂക്ഷിക്കും. എന്നിട്ടും വിജീഷ് വർഗീസിന് ഉയർന്ന ഉദ്യോഗസ്ഥരുടെ പാസ്‌വേഡുകൾ എങ്ങനെ ലഭിച്ചുവെന്നാണു ചോദ്യം.
മറ്റുള്ളവർക്കിടയിൽ ആർജ്ജിച്ച വിശ്വാസ്യത മുതലെടുത്താണ് ഇയാൾ പാസ്‌വേഡുകൾ മനസ്സിലാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. അതു ചോർത്തിയെടുക്കാൻ ഇയാൾ ക്ഷമയോടെയാണ് കരുക്കൾ നീക്കിയത്. സാധാരണ നിലയിൽ ഒരു ഇടപാട് നടക്കുമ്പോൾ അത് കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്നതിനൊപ്പം സ്ലിപ്പ് എഴുതുകയും െചയ്യും. ഈ സ്ലിപ്പുകൾ പാസാക്കി മേലധികാരിയുടെ കംപ്യൂട്ടർ അപ്രൂവൽ വഴിയാണ് ഇടപാട് പൂർണമാക്കുന്നത്. പൂർത്തിയായ ഇടപാടിന്റെ സ്ലിപ്പുകളിൽ കുറുകെ വരയിട്ട് സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും.
സ്ലിപ്പുകൾ പാസാക്കാൻ വിജീഷ് മേലധികാരികളുടെ സീറ്റിനടുത്തു ചെല്ലുമായിരുന്നു. ഈ സമയം അവർ ടൈപ്പ് ചെയ്യുന്നത് ശ്രദ്ധിച്ചാണ് ഇയാൾ പാസ്‌വേഡുകൾ മനസ്സിലാക്കിയതെന്നാണു പ്രാഥിമിക നിഗമനം. ബാങ്കിലെതന്നെ ഉദ്യോഗസ്ഥൻ ആയതിനാൽ മറ്റുള്ളവർ ഇയാളെ സംശയിച്ചതുമില്ല. തട്ടിപ്പു നടത്തിയ ഇടപാടുകളിൽ സ്ലിപ്പുകൾ ഇല്ലെന്നും ബാങ്ക് ഓഡിറ്റ് വിഭാഗം കണ്ടെത്തി.
Discussion about this post