ഡൽഹി: രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ പരീക്ഷിച്ചു വിജയിച്ച 14 കാര്യങ്ങളും മാതൃകകളുമാണ് കോവിഡ് വ്യാപനം തടയാൻ മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ മറ്റ് സംസ്ഥാനങ്ങൾക്കായി പങ്കുവച്ചത്. പ്രധാനമന്ത്രിയുമായി ജില്ലാ മജിസ്ട്രേറ്റുമാർ നടത്തിയ ആശയ വിനിമയത്തിലാണ് അവലംബിച്ച നൂതന മാർഗങ്ങൾ അവതരിപ്പിച്ചത്.
കേന്ദ്ര സർക്കാർ നിർദേശിച്ച മാതൃകയാക്കാവുന്ന മാർഗങ്ങൾ :-
1. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ റസിഡന്റ് വെൽഫെയർ അസോസിയേഷന്റെ സഹായത്തോടെ കോവിഡ് കെയർ സെന്റർ ആരംഭിച്ചത്.
2. വില്ലേജ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികളെയും തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും പങ്കെടുപ്പിച്ച് ഐസലേഷൻ ശക്തമാക്കൽ, കണ്ടയ്ൻമെന്റ് സോണുകളിലെ പരിശോധന എന്നിവ നടപ്പാക്കൽ. മധ്യപ്രദേശിലാണ് ഈ രീതി പരീക്ഷിച്ചത്.
3. ഹരിയാനയിലെ ഗുരുഗ്രാമിൽ ജോലി സ്ഥലങ്ങളിൽ നടപ്പാക്കിയ വാക്സിനേഷൻ.
4. കിടക്കകൾ, ഓക്സിജൻ, ആംബുലൻസ് എന്നിവയുടെ ലഭ്യത അറിയാൻ ഹരിയാനയിൽ വികസിപ്പിച്ച ഡിജിറ്റൽ പോർട്ടൽ.
5. കോവിഡുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദുരീകരിക്കുന്നതിന് ഉത്തർപ്രദേശില വാരാണസിയിൽ ആരംഭിച്ച കാശി കോവിഡ് റെസ്പോൺസ് സെന്റർ.
6. തമിഴ്നാട്ടിൽ ആരംഭിച്ച ടാക്സി ആംബുലൻസ്.
7. ചണ്ഡിഗഡിൽ ആയുഷ് മരുന്നുകളും ആയുഷ് ആരോഗ്യ സൗകര്യങ്ങളും കോവിഡ് പ്രതിരോധത്തിനായി ഉപയോഗിച്ചത്.
8. ചണ്ഡിഗഡിലെ ആയുഷ് മരുന്നു (പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആയുർവേദ മരുന്ന്) വിതരണം.
9. മഹാരാഷ്ട്രയിൽ സംഘടനകളുടെ സഹായത്തോട കോവിഡ് കെയർ സെന്ററുകളിൽ ഭക്ഷണ വിതരണം നടപ്പാക്കിയത്.
10. ഓരോ ആശുപത്രിയിലേയും ഓക്സിജൻ ലഭ്യത അറിയാൻ രാജസ്ഥാനിലെ ബിക്കാനഗറിൽ നടപ്പാക്കിയ മൊബൈൽ ഒപിഡി
11. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ വീടുകൾ തോറും നടത്തിയ ആന്റിജൻ, ആർടി–പിസിആർ പരിശോധന. ഒരു മാസം കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 38 ശതമാനത്തിൽനിന്നും 2.8 ശതമാനമാക്കാൻ സാധിച്ചു.
12. ഐസലേഷനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ ബിഹാറിലെ പട്നയിൽ നടപ്പാക്കിയ എച്ച്ഐടി കോവിഡ് മൊബൈൽ ആപ്.
13. ആശുപത്രികളിൽ ഓക്സിജൻ വിതരണം തുല്യമായി നടത്താൻ കേരളത്തിൽ ആരംഭിച്ച ഓക്സിജൻ നഴ്സ്.
14. മഹാരാഷ്ട്രയിൽ പല സ്ഥലങ്ങളിലായി സംഭരിച്ചുവച്ചിരുന്ന ഓക്സിജൻ വിതരണം നടപ്പാക്കിയത്.
Discussion about this post