കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ശക്തമായ അഗ്നിപർവത സ്ഫോടനം. കോംഗോയിലെ പ്രധാന നഗരമായ ഗോമക്കു സമീപമാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ലോകത്തെ സജീവ അഗ്നിപര്‍വതങ്ങളിലൊന്നായ നയിരഗോംഗോ ആണ് പൊട്ടിത്തെറിച്ചത്.
ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച സ്ഫോടനത്തെ തുടർന്ന് ആയിരക്കണക്കിന് നാട്ടുകാര്‍ അതിർത്തി കടന്ന് അയല്‍ രാജ്യമായ റുവാന്‍ഡയിൽ എത്തിയതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇവർ സ്കൂളുകളിലും ആരാധനാലയങ്ങളിലും അഭയം തേടിയിരിക്കുകയാണ്.
അടിയന്തര സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ജീന്‍ മൈക്കല്‍ ലുക്കോൻഡെ യോഗം വിളിച്ചു. വിമാനത്താവളത്തില്‍ ലാവ എത്തിയതായും റിപ്പോർട്ടുണ്ട്. 2002ലെ അഗ്നിപർവത ദുരന്തത്തിന് സമാനമായ സാഹചര്യമാണ് നിലവിലെന്നാണ് ആശങ്ക.
2002ലെ നയിരഗോംഗോ അഗ്നിപർവ്വത സ്ഫോടനത്തിൽ 250 ഓളം പേര്‍ മരിക്കുകയും 125,000 പേര്‍ ഭവന രഹിതരാകുകയും ചെയ്തിരുന്നു. ലാവാ പ്രവാഹം തുടർന്നാൽ അതിലും വലിയ ദുരന്തമാകും ഫലമെന്നാണ് വിലയിരുത്തൽ.
Discussion about this post