ബ്രസീലിയ: ഒരു പൊതുപരിപാടിയില്‍ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചതിനെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് മേല്‍ പിഴ ചുമത്തി. ബ്രസീല്‍ സംസ്ഥാനമായ മാറഞ്ഞോയിലെ ഗവര്‍ണറാണ് പ്രസിഡന്റിനെതിരെ നടപടിയെടുത്തത് .
ഇത് കൂടാതെ ആരോഗ്യ വകുപ്പ് അധികൃതര്‍ ബൊല്‍സൊനാരോയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് മാറഞ്ഞോ ഗവര്‍ണര്‍ ഫ്‌ളാവിയോ ഡിനോ പറഞ്ഞു. തന്റെ സംസ്ഥാനത്ത് നൂറിലധികം പേര്‍ ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
നടപടിയില്‍ ബൊല്‍സൊനാരോയ്ക്ക് അപ്പീല്‍ നല്‍കാന്‍ പതിനഞ്ച് ദിവസത്തെ സമയമുണ്ട്. അതിന് ശേഷം പിഴത്തുക എത്രയെന്ന് തീരുമാനിച്ച് അത് ഒടുക്കേണ്ടി വരുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാറഞ്ഞോ ഗവര്‍ണര്‍ ഫ്‌ളാവിയോ ഡിനോയെ ബൊല്‍സൊനാരോ’ സേച്ഛാധിപതി’ എന്നാണ് വിശേഷിപ്പിച്ചത്. ബ്രസീലിലെ ഇടതുപക്ഷ നേതാവ് കൂടിയാണ് ഫ്‌ളാവിയോ ഡിനോ. അതേ സമയം തീവ്ര വലതുപക്ഷ നേതാവായ ബൊല്‍സൊനാരോ കോവിഡ് നിയന്ത്രണങ്ങളില്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്നുമുണ്ട് .അമേരിക്കക്ക് ശേഷം ലോകത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലിലാണ്.
Discussion about this post