തിരുവനന്തപുരം: ബാലരാമപുരത്ത് മൂവായിരത്തി അഞ്ഞൂറ് കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇരുപത്തിയഞ്ച് ലക്ഷം രൂപ വിപണി വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് കണ്ടെടുത്തത്. സംഭവത്തിൽ ബാലരാമപുരം എരുത്താവൂർ സ്വദേശി സുരേഷ് കുമാറിനെ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തു
രഹസ്യ വിവരത്തെ തുടർന്ന് സുരേഷിന്റെ വീടിനോട് ചേർന്നുള്ള ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. 125 ചാക്കുകളിലായിട്ടായിരുന്നു സൂക്ഷിച്ചിരുന്നത്. തൃശ്ശൂർ സ്വദേശിയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ വാങ്ങിയത് സുരേഷ് എക്സൈസിനോട് പറഞ്ഞു.
നെയ്യാറ്റിൻകര, തിരുവനന്തപുരം ഉൾപ്പടെയുള്ള പ്രദേശങ്ങളിലായിരുന്ന വിൽപ്പന. ലോക്ഡൗണിന് പിന്നാലെ ഈ സ്ഥലങ്ങളിൽ പുകയില ഉത്പന്നങ്ങൾ വ്യാപകമായി കച്ചവടം ചെയ്യുന്നതായി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് വിവരം കിട്ടിയിരുന്നു. തുടർന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടർ റ്റി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണമാണ് സുരേഷിലെത്തിയത്.
ഇരുപത് വർഷത്തിലേറെയായി വിവിധയിനം പുകയില ഉത്പന്നങ്ങൾ വിൽക്കുന്നയാളാണ് സുരേഷ് കുമാർ. ഇവയിൽ പലതും നിരോധിച്ചിട്ടും അനധികൃതമായി ഇയാൾ വിൽപന തുടരുകയായിരുന്നെന്ന് എക്സൈസ് അറിയിച്ചു. സുരേഷിന് ഉത്പന്നങ്ങൾ കൈമാറിയ തൃശൂർ സ്വദേശിയെയും എക്സൈസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post