ഭോപ്പാല്‍: ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന വിവാഹങ്ങള്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനത്ത് വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് രഹസ്യമായി നടന്ന വിവാഹങ്ങള്‍ നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് വിവാഹസര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കാനാണ് സംസ്ഥാനത്തെ വിവിധ ജില്ലാഭരണകൂടങ്ങളുടെ നീക്കം.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് 130 ഓളം വിവാഹങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതുമായി ബന്ധപ്പെട്ട് മുപ്പതോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ഈ കാലയളവില്‍ വിവാഹിതരായ ദമ്പതികള്‍ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് അനുവദിക്കരുതെന്ന് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. നിര്‍ദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് വ്യക്തമാക്കി.
പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും സൃഷ്ടിക്കാനല്ല മറിച്ച് രോഗവ്യാപനം നിയന്ത്രിക്കാനാണ് പുതിയ തീരുമാനം എന്നും, ദാബ്രയിലെ ഒരു ഗ്രാമത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ നടപടിയെടുക്കുന്നതെന്നും ഗ്വാളിയാര്‍ കളക്ടര്‍ എസ്.വി.സിംഗ് പറഞ്ഞു.
Discussion about this post