ഒട്ടാവ: കാനഡയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍നിന്നാണ് കുട്ടികളെ കൂട്ടമായി അടക്കം ചെയ്തതിന്റെ തെളിവുകള്‍ പുറത്തുവന്നത്.
ബ്രിട്ടീഷ് കൊളംബിയയുടെ ഭാഗമായി പ്രവര്‍ത്തിച്ചതാണ് ഈ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. ആദിമനിവാസികളുടെ കുട്ടികള്‍ക്ക് മുഖ്യധാരാ വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച ഈ നിര്‍ബന്ധിത സ്‌കൂളുകള്‍ പീഡനകേന്ദ്രങ്ങളായിരുന്നു. കുടുംബങ്ങളില്‍നിന്നും നിര്‍ബന്ധിച്ച് കൊണ്ടുവരുന്ന കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന ഈ വിദ്യാലയങ്ങളില്‍ ഗോത്രഭാഷ സംസാരിക്കാനോ ഗോത്ര സംസ്‌കാരം അനുഷ്ഠിക്കാനോ അനുവദിച്ചിരുന്നില്ല. സര്‍ക്കാറിന്റെയോ ക്രിസ്തീയ സഭകളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിച്ച ഈ സ്‌കൂളുകള്‍ സംസ്‌കാരിക വംശഹത്യ ചെയ്ത കേന്ദ്രങ്ങളാണെന്നാണ് പില്‍ക്കാലത്ത് വിലയിരുത്തിയത്.
ഇവിടെ ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും 1978 -ല്‍ അടച്ചുപൂട്ടുകയും ചെയ്ത കാംലൂപ്‌സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ കോമ്പൗണ്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗോത്രവര്‍ഗക്കാരുടെ സമിതിയാണ് ഈ വിവരം പുറത്തുവിട്ടത്.
ഇത്തരം സ്‌കൂളുകളില്‍ ഏറ്റവും വലുതായിരുന്നു ഈ സ്‌കൂള്‍. 1890-ല്‍ റോമന്‍ കത്തോലിക്ക സഭ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ അഞ്ഞൂറിലേറെ കുട്ടികള്‍ ഒരു സമയത്ത് താമസിച്ച് പഠിച്ചിരുന്നു. പിന്നീട് 1969-ല്‍ സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1978-ല്‍ അടച്ചുപൂട്ടുകയും ചെയ്തു.
രാജ്യചരിത്രത്തില്‍നിന്നുള്ള നാണം കെട്ട അധ്യായത്തിന്റെ വേദനാഭരിതമായ ഓര്‍മ്മെപ്പടുത്തലാണ് സംഭവമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അധികൃതരുമായി ചേര്‍ന്ന് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് തുടക്കം കുറിച്ചതായി ഗോത്ര വിഭാഗക്കാരുടെ തദ്ദേശീയ ഭരണസമിതി അറിയിച്ചു.
1863 – 1998 കാലയളവില്‍ ഒന്നര ലക്ഷം ആദിവാസി കുട്ടികളെയാണ് ഇത്തരം സ്‌കൂളുകളിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവന്നത്. കുട്ടികളോട് വളരെ മോശമായി പെരുമാറിയിരുന്ന സ്‌കൂളുകള്‍ പീഡനകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഇങ്ങനെ പിടിച്ചുകൊണ്ടുവന്ന കുട്ടികളില്‍ ആയിരക്കണക്കിന് പേര്‍ വീടുകളില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് 2008-ല്‍ ഈ പീഡനകേന്ദ്രങ്ങളെ കുറിച്ച് അന്വേഷിച്ച സമിതി കണ്ടെത്തിയിരുന്നു. 2008-ല്‍ കനേഡിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ഈ സംഭവങ്ങളില്‍ മാപ്പു പറഞ്ഞിരുന്നു.
Discussion about this post