തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്. ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുഎഇ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇതോടെ നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും.
ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം കസ്റ്റംസിന് അനുമതി നൽകുകയായിരുന്നു. കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും സ്വര്‍ണം പിടിച്ചതിന് പിന്നാലെ ഗള്‍ഫിലേക്ക് കടന്നിരുന്നു.
2020 ജൂൺ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതില്‍ പതിനാലര കോടി രൂപയുടെ കള്ളക്കടത്ത് സ്വർണ്ണമുണ്ടെന്ന് കണ്ടെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.












