ജറുസലേം: ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ മാറ്റി എട്ട് പാര്‍ട്ടികള്‍ ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ തുടക്കത്തില്‍ തന്നെ എതിർപ്പുകൾ. ആദ്യമായി സഖ്യത്തിന്റെ ഭാഗമായ അറബ് ഇസ്ലാമിക പാര്‍ട്ടിയ്ക്കുള്ളില്‍ ഒരു വിഭാഗം ഭരണപങ്കാളിത്തത്തിന് എതിരേ രംഗത്ത് വന്നിരിക്കുന്നതാണ് പ്രശ്നമാകുന്നത്. ജൂത വംശീയര്‍ നയിക്കുന്ന സര്‍ക്കാരിനൊപ്പം ഭരണത്തില്‍ പങ്കാളിയാകാനുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസിന്റെ തീരുമാനത്തെയാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള ഒരു വിഭാഗം ശക്തമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്.
ഹമാസുമായുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് ബെഞ്ചമിന്‍ നെതന്യാഹു പുറത്താകുന്നത്. ഭരണമുന്നണിയെ പിന്തുണയ്ക്കുന്നതെന്ന അബ്ബാസിന്റെ തീരുമാനത്തിനെതിരെ അറബ് വംശജരും ഗാസയിലെ ഫലസ്തീന്‍ പൗരന്മാരും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഭരണത്തില്‍ ഒരു അറബ് ഇസ്‌ലാമിക് പാര്‍ട്ടി ഭാഗമാകുന്നത് ഇസ്രായേലിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ്. എന്നാല്‍ നെതന്യാഹുവിനെ പുറത്താക്കാനാണ് ഭരണമുന്നണിയെ പിന്തുണയ്ക്കുന്നതെന്നാണ് അബ്ബാസിന്റെ വാദം.
ഇസ്രായേലില്‍ 20 ശതമാനത്തോളം ആണ് അറബ് വംശജരുടെ പ്രാതിനിധ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന മന്‍സൂര്‍ അബ്ബാസിന്റെ പാര്‍ട്ടിയ്ക്ക് നാലു സീറ്റുകളാണ് കിട്ടിയത്. പ്രതിപക്ഷ നേതാവ് യെര്‍ ലാപിഡിന്റെ നേതൃത്വത്തിലാണ് പുതിയ സഖ്യം രൂപപ്പെട്ടിരിക്കുന്നത്. ലാപിഡ് കടുത്ത മതേതര വാദിയാണെങ്കിലും സഖ്യത്തില്‍ ആദ്യ ഊഴത്തില്‍ പ്രധാനമന്ത്രിയാകുന്ന വലതുപക്ഷ നേതാവ് നഫ്താലി ബെന്നറ്റ് അങ്ങിനെയല്ല. അദ്ദേഹം തീവ്ര ജൂതമതവാദിയാണ്.
അതേസമയം മന്‍സൂര്‍ സഖ്യസര്‍ക്കാരിന്റെ ഭാഗമായത് അറബ് വംശജരുടെ പുരോഗതി ലക്ഷ്യമിട്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്. പുതിയ സര്‍ക്കാരില്‍ മന്ത്രിപദവിയൊന്നും അദ്ദേഹം സ്വീകരിക്കില്ലെന്നും പാര്‍ലമെന്റ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനവും അറബ് വിഭാഗത്തിനായുള്ള ബജറ്റ് മേല്‍നോട്ടമായിരിക്കും അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമെന്നും നിരീക്ഷകര്‍ പറയുന്നു. നിയമവിരുദ്ധ നിര്‍മ്മാണത്തിന്റെ പേരില്‍ അറബ് പൗരന്‍മാര്‍ക്ക് നേരെ പിഴ ചുമത്തുന്ന നിയമത്തെ പിന്‍ലിക്കുന്നതിനായും അബ്ബാസ് പ്രവര്‍ത്തിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.
Discussion about this post