ലഖ്നൗ: സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ ഒഴിവാക്കിയതിന് പിന്നാലെ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി ഉത്തര്‍പ്രദേശും. സംസ്ഥാനത്തെ കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്താണ് തീരുമാനം.
സംസ്ഥാന സിലബസില്‍ പഠിക്കുന്ന 12-ാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ റദ്ദാക്കിയതായി ഉത്തര്‍പ്രദേശ് സെക്കന്‍ഡറി എജൂക്കേഷന്‍ കൗണ്‍സല്‍ അറിയിച്ചു. പത്താംക്ലാസിലെയും 11-ാം ക്ലാസിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥികളെ വിലയിരുത്തുക. 12-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഓരോ വിഷയത്തിലും 90 മിനിറ്റ് പരീക്ഷ ജൂലൈ രണ്ടാംവാരത്തില്‍ നടത്താന്‍ വിദ്യാഭ്യാസ ബോര്‍ഡ് നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് ഒഴിവാക്കിയാണ് പുതിയ തീരുമാനം.
ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം 26 ലക്ഷം വിദ്യാര്‍ഥികളാണ് 12-ാം ക്ലാസ് പരീക്ഷക്കായി തയാറെടുത്തിരുന്നത്. 10-ാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ സംസ്ഥാനം നേരത്തേ തന്നെ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് 29 ലക്ഷം വിദ്യാര്‍ഥികളെ പരീക്ഷയില്ലാതെ ഉയര്‍ന്ന ഗ്രേഡിലേക്ക് ഉയര്‍ത്താനും തീരുമാനമായിരുന്നു. കൂടാതെ ആറ്, ഏഴ്, എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളെ പരീക്ഷയില്ലാതെ ഉന്നത ക്ലാസുകളിലേക്ക് ജയിപ്പിക്കാനും തീരുമാനിച്ചിരുന്നു.
ചൊവ്വാഴ്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ 12-ാം ക്ലാസ് പരീക്ഷ ഒഴിവാക്കിയതായി യു.പി.എസ്.ഇ.സി അറിയിച്ചിരുന്നു.
Discussion about this post