ലണ്ടൻ: ഗൂഗ്ൾ, ആപ്പിൾ, ആമസോൺ പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ നികുതിയിൽ നിർണായക തീരുമാനവുമായി ജി 7 രാജ്യങ്ങൾ. ഇത്തരം കമ്പനികളുടെ മിനിമം നികുതി 15 ശതമാനമായി നിശ്ചയിച്ചു. നികുതി നഷ്ടം ഒഴിവാക്കുന്നതിനായാണ് തീരുമാനമെന്നാണ് വിശദീകരണം.
നികുതി സംവിധാനത്തെ പരിഷ്കരിക്കുന്നതിനായി ചരിത്രപരമായ തീരുമാനമാണ് ജി 7 രാജ്യങ്ങൾ സ്വീകരിച്ചതെന്ന് ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. നികുതി സംവിധാനത്തെ ഡിജിറ്റൽ കാലത്തേക്ക് അനുയോജ്യമായ രീതിയിൽ മാറ്റുന്നതിനുള്ള ശ്രമമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. യു.എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെലനും പുതിയ നീക്കത്തെ സ്വാഗതം ചെയ്തു.
ജർമ്മനിയും ഫ്രാൻസും തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ജൂലൈയോടെ തീരുമാനം നടപ്പാക്കാനാവുമെന്നാണ് ജി 7 രാജ്യങ്ങളുടെ പ്രതീക്ഷ. വൈകാതെ വികസ്വര രാജ്യങ്ങളേയും തങ്ങളുടെ പുതിയ നികുതി സംവിധാനത്തിലേക്ക് കൊണ്ടു വരാൻ ജി 7 രാജ്യങ്ങൾ ശ്രമം തുടങ്ങിയെന്നാണ് റിപ്പോർട്ട്.
Discussion about this post