വാരാണസി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ ഭീഷണി ഫലപ്രദമായി നേരിട്ട ഉത്തർ പ്രദേശിൽ കർഫ്യൂ പിൻവലിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തെ തുടർന്നാണ് കർഫ്യൂ പിൻവലിച്ചത്. ഇതോടെ ദിവസങ്ങൾ നീണ്ട അടച്ചിടലിനൊടുവിൽ വാരാണസി സാധാരണ നിലയിലേക്ക് നീങ്ങുകയാണ്.
നാൽപ്പത് ദിവസങ്ങൾക്ക് ശേഷം കടകൾ തുറക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദം വ്യാപാരികൾ ദേശീയ മാധ്യമങ്ങളുമായി പങ്കു വെച്ചു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ഇനിയുള്ള തങ്ങളുടെ കച്ചവടവും ജീവിതവുമെന്ന് ഇവർ പറയുന്നു.
രോഗവ്യാപനം നിയന്ത്രണ വിധേയമായതിനാൽ കർഫ്യൂ പിൻവലിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ലഖ്നൗ, മീററ്റ്, സഹരൺപുർ, ഗോരഖ്പുർ എന്നീ ജില്ലകൾ ഒഴികെ മറ്റെല്ലായിടങ്ങളിലും കർഫ്യൂ പിൻവലിക്കാനാണ് ഉത്തരവ്.
മുൻ നിര എന്നവകാശപ്പെടുന്ന സംസ്ഥാനങ്ങൾ പലതും കൊവിഡ് പ്രതിസന്ധിക്ക് മുന്നിൽ മുട്ടു മടക്കിയപ്പോഴാണ് കൃത്യമായ നടപടികളിലൂടെ ഉത്തർ പ്രദേശ് രോഗവ്യാപനം ചെറുത്തത്. ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു, മൃതദേഹം പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുന്നു, തുടങ്ങിയ ആരോപണങ്ങൾ ബിബിസി മുതൽ മഞ്ഞ പത്രങ്ങൾ വരെ ഏറ്റെടുത്ത് പ്രചരിപ്പിച്ചപ്പോഴും പ്രതിച്ഛായാ നിർമ്മാണത്തിലോ പി ആർ വർക്കിലോ ശ്രദ്ധ പതിപ്പിക്കാതെ കൃത്യമായ പദ്ധതികൾ നടപ്പിലാക്കിയാണ് ഇരുപത് കോടി ജനസംഖ്യയുള്ള ഉത്തർ പ്രദേശ് മഹാമാരിയെ അതിജീവിച്ചത്. കുംഭമേളയുടെ പേരിലും ഉത്തർ പ്രദേശ് പഴി കേട്ടിരുന്നു.
Discussion about this post