ഡൽഹി: മുട്ടിൽ വനം കൊള്ളയിൽ അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും. വനം കൊള്ളയുമായി ബന്ധപ്പെട്ട് നടന്നത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടാണെന്നാണ് വിവരം. വനം കൊള്ളയുടെ വിശാദംശങ്ങള്‍ തേടി ഇഡി വനം വകുപ്പിന് കത്ത് നൽകി. ജൂൺ മൂന്നിനായിരുന്നു ഇഡി കത്ത് നൽകിയത്.
വനം കൊള്ളക്കേസുമായി ബന്ധപ്പെട്ട പരാതി, എഫ്.ഐ.ആര്‍., മഹസ്സര്‍ എന്നിവയുടെ പകര്‍പ്പും ഇതുവരെ ശേഖരിച്ച വിവരങ്ങളുടെ വിശദാംശങ്ങളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. മരംമുറിക്കലുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കാനാണെന്ന് ഇ.ഡി. കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുട്ടിലില്‍നിന്ന് മുറിച്ചുകടത്തിയത്. നടന്നത് കള്ളപ്പണ ഇടപാടാണെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ഏറ്റെടുക്കുന്നത് എന്നാണ് വിവരം.
എന്നാൽ കത്തുനല്‍കിയിട്ട് ഒരാഴ്ചയായിട്ടും സംസ്ഥാന സര്‍ക്കാരോ വനംവകുപ്പോ ഇതിന് മറുപടി നൽകിയിട്ടില്ല. കത്തിന് വനംവകുപ്പ് മറുപടി നല്‍കാതിരിക്കുന്ന പക്ഷം ഇ.ഡി. നിയമപരമായി നീങ്ങിയേക്കും. അങ്ങനെയെങ്കില്‍ ഇ.ഡി. നോട്ടീസ് നല്‍കാനും സാധ്യതയുണ്ടെന്നാണ് സൂചന. കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്തത് സംസ്ഥാന സർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്.












