ഡൽഹി: മുട്ടിൽ വനം കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ ആരംഭിച്ചു. വനം കൊള്ളയുടെ വിശാദംശങ്ങള്‍ തേടി ഇഡി വനം വകുപ്പിന് കത്ത് നൽകി. ജൂൺ മൂന്നിനായിരുന്നു ഇഡി കത്ത് നൽകിയത്.
വനം കൊള്ളക്കേസുമായി ബന്ധപ്പെട്ട പരാതി, എഫ്.ഐ.ആര്‍., മഹസ്സര്‍ എന്നിവയുടെ പകര്‍പ്പും ഇതുവരെ ശേഖരിച്ച വിവരങ്ങളുടെ വിശദാംശങ്ങളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. മരംമുറിക്കലുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കാനാണെന്ന് ഇ.ഡി. കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുട്ടിലില്‍നിന്ന് മുറിച്ചുകടത്തിയത്. നടന്നത് കള്ളപ്പണ ഇടപാടാണെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ഏറ്റെടുക്കുന്നത് എന്നാണ് വിവരം.
വനം കൊള്ളക്കേസിൽ പ്രതികളായ റോജി അഗസ്റ്റിനും സഹോദരങ്ങൾക്കും വനം , റവന്യൂ ഉദ്യോഗസ്ഥർ കമ്മീഷൻ വ്യവസ്ഥയിൽ മരക്കടത്തിന് ഒത്താശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. വനം വകുപ്പ് വിജിലൻസിന്റെ നിരീക്ഷണത്തിലുള്ള നാല് ഉദ്യോഗസ്ഥർക്ക് മരം കൊള്ളയെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും അറിയാം. റവന്യൂ ഉദ്യോഗസ്ഥരുടെ ഇടപെടലുകളും ഇവരുടെ മുൻകാല പശ്ചാത്തലവും ഇ ഡി അന്വേഷിക്കുന്നുണ്ട്.
മുട്ടിൽ വനം കൊള്ളക്കേസിൽ പ്രതികളെ സഹായിക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകരുടെ സാമ്പത്തിക ഇടപാടുകളും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. റിപ്പോർട്ടർ ചാനൽ കേസിലെ പ്രതികൾക്ക് അനുകൂലമാകുന്ന രീതിയിൽ വനം വകുപ്പിനും ഉദ്യോഗസ്ഥർക്കുമെതിരെ വാർത്ത നൽകിയിരുന്നുവെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കേസിലെ പ്രതിയായ റോജി അഗസ്റ്റിന് ചാനലുമായുള്ള ബന്ധമുണ്ടെന്നും ചാനലിന്റെ കടം തീർക്കാൻ ഇവർ പണം നൽകിയിരുന്നുവെന്നും കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചാനലിന്റെ സാമ്പത്തിക ഇടപാടും പരിശോധിക്കാൻ ഇഡി തയ്യാറെടുക്കുന്നത്.
കേസ് അട്ടിമറിക്കാൻ കൂട്ടു നിൽക്കാത്ത ഉദ്യോഗസ്ഥനെതിരെ ധർമ്മടം സ്വദേശിയായ ഒരു മാദ്ധ്യമ പ്രവർത്തകനും റിപ്പോർട്ടർ ചാനലും നിരന്തരം വാർത്തകൾ നൽകിയിരുന്നു.
Discussion about this post