തിരുവനന്തപുരം: വനം കൊള്ളക്കേസ് പ്രതിയുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമെന്ന് പി ടി തോമസ് എം എൽ എ. മുട്ടിൽ വനംകൊള്ള കേസ് പ്രതിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായി പിടി തോമസ് ആരോപിച്ചു. വനം കൊള്ളക്കേസ് പ്രതിക്ക് മുഖ്യമന്ത്രി ഹസ്തദാനം നൽകുന്ന ചിത്രവും അദ്ദേഹം പുറത്ത് വിട്ടു.
2017 ജനുവരി 22-ന് പിണറായി വിജയൻ എറണാകുളം ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളിൽ മാംഗോ മൊബൈൽ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റു. ചടങ്ങിനായി എറണാകുളത്ത് തലേന്നേ എത്തിയ മുഖ്യമന്ത്രി മുകേഷ് എംഎൽഎയ്ക്ക് ഒപ്പം ഉടമകളെ കണ്ടു. എന്നാൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം മുഖ്യമന്ത്രി അവസാന നിമിഷം ചടങ്ങിൽ നിന്നും ഒഴിഞ്ഞു മാറിയെന്ന് പി ടി തോമസ് പറയുന്നു.
മാംഗോ മൊബൈൽ വെബ് സൈറ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും 2016 ഫെബ്രുവരിയിൽ മറ്റൊരാളാണ് മുഖ്യമന്ത്രിയെന്നും പി ടി തോമസിൻ്റെ ആരോപണങ്ങൾ തള്ളിക്കൊണ്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഇതൊനെതിരെയായിരുന്നു പി ടി തോമസിന്റെ വിശദീകരണം.
മാംഗോ മൊബൈൽ ഉദ്ഘാടനത്തിൽ നിന്നും പിന്മാറി ഒന്നര മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി വനം കൊള്ളക്കേസ് പ്രതിക്ക് കോഴിക്കോട് വെച്ച് ഹസ്തദാനം നൽകിയത്. സിപിഎം മുഖപത്രമായ ദേശാഭിമാനി സംഘടിപ്പിച്ച എം ടി വാസുദേവൻ നായരെ ആദരിക്കുന്ന പരിപാടി സ്പോൺസർ ചെയ്തത് മാംഗോ മൊബൈൽസ് ആണെന്നും തട്ടിപ്പുകാരുടെ പരസ്യമുൾപ്പടെ ദേശാഭിമാനി നൽകുന്നതായും പി ടി തോമസ് ചൂണ്ടിക്കാട്ടി.
Discussion about this post