കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീറാം ട്രാവല്‍സിലെ ജീവനക്കാരനായ കൊയിലാണ്ടി മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അഭിജിത്തി (26 ) നെയാണ് ബസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. പരേതനായ ബാലകൃഷ്‌ണന്‍റെയും ഗീതയുടെയും മകനാണ്.
ഏപ്രില്‍ ഏഴിന് പെരുമ്പാവൂരില്‍ നിന്നാണ് അഭിജിത്ത് ഡ്രൈവറായ ബസ് അസമിലേക്ക് പോയത്. അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയ അഭിജിത്ത് ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലെത്താനാകാതെ കുടുങ്ങി കിടക്കുകയായിരുന്നു. മടങ്ങിവരാന്‍ കഴിയാത്തത് അഭിജിത്തിനെ കടുത്ത മാനസിക സമ്മര്‍ദത്തിലേക്ക് നയിച്ചെന്നു പറയുന്നു. നഗോണ്‍ എന്ന സ്ഥലത്താണ് ബസ് കുടുങ്ങിക്കിടന്നത്.
കേരളത്തില്‍നിന്നുള്ള ഒട്ടേറെ ബസുകളാണ് ഒന്നരമാസമായി അസമില്‍ കുടുങ്ങിക്കിടക്കുന്നത്. ലോക്ക്‌ഡൗണ്‍ കാരണം കുടുങ്ങിപോയ മലയാളികള്‍ ഉള്‍പ്പടെ പല ഡ്രൈവര്‍മാരുടേയും സ്ഥിതി അതീവ ദയനീയമാണ്.












