തിരുവനന്തപുരം: സംസ്ഥാനമാകെയുള്ള അടച്ചുപൂട്ടൽ ഒഴിവായി മലയാളികൾ ഇന്ന് മുതൽ പുറത്തേയ്ക്ക്. സംസ്ഥാനത്തെ അതിതീവ്ര വ്യാപന മേഖലകൾ ഒഴികെ ബാക്കിയുള്ള സ്ഥലങ്ങളിലെ ലോക്ഡൗണ്‍ അർധരാത്രിയോടെ അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്ന് മുതൽ നിയന്ത്രണങ്ങൾ.
എട്ട് ശതമാനത്തിൽ താഴെ ടിപിആർ ഉള്ള എ വിഭാഗത്തിലെ പ്രദേശങ്ങൾ പൂർണ്ണമാകും തുറന്നു. ഇവിടെ യാത്രയ്ക്ക് പാസ് നിർബന്ധമില്ല. എന്നാൽ ആൾകൂട്ടം തടയാൻ പരിശോധനകൾ തുടരും. 8-20 ശതമാനം ടിപിആർ ഉള്ള ബി വിഭാഗത്തിലെ പ്രദേശങ്ങളിൽ യാത്രയ്ക്ക് സത്യാവാങ്മൂലം മതി. കടുത്ത രോഗപ്പകർച്ച ഇപ്പോഴുമുള്ള സി, ഡി കാറ്റഗറി സ്ഥലങ്ങളിൽ ലോക് ഡൗൺ തുടരും. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ടിപിആർ ബുധനാഴ്ചകളിൽ അവലോകനം ചെയ്യും. ഈ പ്രതിവാര അവലോകനങ്ങളുടെ അടിസ്ഥാനത്തിലാകും പ്രാദേശിക തല നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കുക.
തീവ്രവ്യാപന വിഭാഗത്തിൽ പെടുന്ന സി വിഭാഗത്തിലും 30 ശതമാനത്തിൽ കൂടുതൽ ടിപിആർ രേഖപ്പെടുത്തിയ ഡി വിഭാഗത്തിലെയും പ്രദേശങ്ങളിൽ പൊലീസിന്‍റെ പരിശോധനകളും പുറത്തിറങ്ങുന്നതിൽ കർശന ലോക്ഡൗണ്‍ വ്യവസ്ഥകളും തുടരും. ജില്ല കടന്നുള്ള യാത്രകൾക്ക് സത്യവാങ്മൂലം ഇനിയും കരുതണം. ബി വിഭാഗത്തിൽ ബാർബർ ഷോപ്പ്, തുണിക്കടകൾ, ജ്വല്ലറികൾ അടക്കമുള്ള മറ്റ് കടകൾക്ക് തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ തുറക്കാം. ടിപിആർ എട്ട് ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമാണ് ഓട്ടോ – ടാക്സി സർവീസുകൾക്ക് അനുമതിയുള്ളത്. അതിതീവ്ര വ്യാപന മേഖലകളിൽ ഒഴികെ മറ്റിടങ്ങളിൽ ലോട്ടറി വിൽപനയും ഇന്ന് തുടങ്ങും.
കേരളത്തിൽ ടിപിആർ മുപ്പത് ശതമാനത്തിന് മുകളിലുള്ള പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് ട്രിപ്പിൾ ലോക്ഡൗൺ ഉള്ളത്.
ട്രിപ്പിൾ ലോക്ഡൗൺ ജില്ലകൾ തിരിച്ച് ഇങ്ങനെ:-
- കാസർകോട് മധൂർ,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണാണ്.
- വയനാട് ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. ടിപിആർ ഇരുപതിന് മുകളിലുളള വെങ്ങപ്പളളി, മൂപ്പൈനാട് പഞ്ചായത്തുകളിൽ ലോക്ഡൗൺ ഉണ്ടാകും.
- മലപ്പുറത്ത് തിരുനാവായ ഗ്രാമപഞ്ചായത്തിൽ മാത്രമാണ് സമ്പൂർണ ലോക്ഡൗൺ.
- പാലക്കാട് ജില്ലയിൽ നാഗലശ്ശേരി, നെന്മാറ, വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണായിരിക്കും.
- തൃശ്ശൂരിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. എന്നാൽ ടിപിആർ ഇരുപതിനും മുപ്പതിനും ഇടയിലുളള പതിനഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗണുണ്ടാകും.
- എറണാകുളത്ത് ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലാണ് സമ്പൂർണ ലോക്ഡൗൺ. സി വിഭാഗത്തിൽപ്പെട്ട പതിനാല് തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ഡൗണായിരിക്കും.
- ആലപ്പുഴയിലും സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. കുത്തിയതോട്,വീയപുരം എന്നീ പഞ്ചായത്തുകളിൽ ലോക്ഡൗണായിരിക്കും.
- കോട്ടയം ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. സി വിഭാഗത്തിൽപ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗണായിരിക്കും.
- കൊല്ലം ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. എന്നാൽ സി വിഭാഗത്തിൽപ്പെടുന്ന പത്ത് തദ്ദേശസ്ഥാപനങ്ങളിൽ ലോക്ഡൗണായിരിക്കും.
- തിരുവനന്തപുരം ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണാണ്. കഠിനംകുളം, പോത്തൻകോട്, പനവൂർ, മണമ്പൂർ, അതിയന്നൂർ, കാരോട് എന്നീ പഞ്ചായത്തുകളാണ് പൂർണമായും അടച്ചിടുക.
യാത്ര ചെയ്യുന്നവർക്കുള്ള നിയന്ത്രണങ്ങൾ :-
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്.
സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്.
പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.
Discussion about this post