കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ സിമന്റ് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാക്കളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നീ യുവാക്കളാണ് ബൊലേറോ ജീപ്പ് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്.
പുലര്‍ച്ചെ 4.45 ന് രാമനാട്ടുകര പുളിഞ്ചോട് വെച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അപകടത്തില്‍ മരണമടഞ്ഞ യുവാക്കളുടെ പശ്ചാത്തലം പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്. പാലക്കാട് പോലീസില്‍ ചില ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് മരണപ്പെട്ടവര്‍ എന്നതാണ് പോലീസ് പ്രധാനമായും സംശയിക്കുന്നതിന് കാരണം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നാണ് കിട്ടിയിരിക്കുന്ന പ്രാഥമിക വിവരമെങ്കിലും വിമാനത്താവളത്തില്‍ നിന്നും മടങ്ങാന്‍ ഇവര്‍ എന്തിനാണ് രാമനാട്ടുകരയില്‍ എത്തിയതെന്നും പോലീസ് സംശയിക്കുന്നു. മടങ്ങാന്‍ ഇവര്‍ക്ക് ദേശീയപാതയെ ആശ്രയിക്കേണ്ട സാഹചര്യമില്ല എന്നതും സംശയത്തിന് കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ മറ്റ് വാഹനങ്ങളില്‍ ഉണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്യും. കാര്‍ അമിതവേഗത്തില്‍ വന്നതിനെ തുടര്‍ന്നായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം.
ഈ കാറിന് മുമ്പേ പോയ ഇന്നോവ കാറില്‍ പോയ ഇതേ സംഘത്തില്‍ തന്നെ പെട്ടവര്‍ എന്ന് സംശയിക്കുന്ന ആറു പേരെ ചോദ്യം ചെയ്യുന്നുണ്ട്. അപകടത്തില്‍ പോലീസിന് വിവരം ആദ്യം കൈമാറിയതും ഇവരായിരുന്നു. വിമാനത്താവളത്തില്‍ നിന്നും ഭക്ഷണവും വെള്ളവും വാങ്ങാനെന്ന് പറഞ്ഞാണ് ഇവര്‍ പുറത്തിറങ്ങി പോയതെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
പുലര്‍ച്ചെ നാലു മണിക്ക് ഇക്കാര്യത്തിന് മാത്രമായി ഇത്രയും ദൂരം പോകേണ്ട ആവശ്യവും അമിതവേഗതയില്‍ കാറോടിച്ച് പോയതുമെല്ലാം പോലീസിന് സംശയാസ്പദമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി അപകടത്തിന് ഏതെങ്കിലും തരത്തില്‍ ബന്ധമുേണ്ടാ എന്ന് അന്വേഷിക്കും. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post