ഡല്‍ഹി: ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത് മൂന്നാം മുന്നണിക്ക് വേണ്ടിയല്ലെന്നും, മൂന്നാം മുന്നണിയെന്നല്ല നാലാം മുന്നണി വന്നാലും ബിജെപിയെ നിലവിലെ സാഹചര്യത്തില്‍ വെല്ലുവിളിക്കാനാകില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ ബിജെപിയ്ക്ക് എതിരേ തൃണമൂല്‍ കോണ്‍ഗസ് വന്‍ വിജയം നേടിയപ്പോള്‍ മമതയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ചത് പ്രശാന്ത് കിഷോറായിരുന്നു.
പ്രശാന്ത് കിഷോറും എന്‍.സി.പി നേതാവുമായ ശരദ് പവാറും തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ ബി.ജെ.പിക്കെതിരേയുളള മൂന്നാം മുന്നണി രൂപീകരണ തന്ത്രമായി ദേശീയമാധ്യമങ്ങള്‍ വിലയിരുത്തിയ സാഹചര്യത്തിലാണ് അതിനെ തള്ളി പ്രശാന്ത് കിഷോര്‍ തന്നെ രംഗത്ത് വന്നത്. ”മൂന്നാം മുന്നണി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യമല്ലാത്തതും സംവിധാനം പഴഞ്ചനുമാണ്. നിലവിലെ ബി.ജെ.പിക്കെതിരേ മൂന്നാംമുന്നണി ഫലപ്രദമാകില്ല, താന്‍ അതില്‍ നിന്ന് അകന്നുനില്‍ക്കുകയാണ്”. പ്രശാന്ത് പറഞ്ഞു.
ബി.ജെ.പി ക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ ദേശീയ തലത്തില്‍ കോൺഗ്രസേതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലിന് പവാറിന്റെ വസതിയില്‍ ചേരുന്ന യോഗത്തിലേക്ക് പന്ത്രണ്ടോളം പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ട്. അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും 2024 ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് യോഗം.
ഫറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), ഡി. രാജ (സി.പി.ഐ), യശ്വന്ത് സിന്‍ഹ (തൃണമൂല്‍), സഞ്ജയ് സിംഗ് (ആംആദ്മിപാര്‍ട്ടി) തുടങ്ങിയവര്‍ക്കൊപ്പം ബി.ജെ.പി വിരുദ്ധ മുന്നണിയെ പിന്തുണയ്ക്കുന്ന കെ.ടി.എസ് തുളസി, ജസ്റ്റിസ് എ.പി.സിംഗ്, ജാവേദ് അക്തര്‍, കരണ്‍ ഥാപര്‍, മജീദ് മേമണ്‍, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ. ഖുറേഷി തുടങ്ങിയ പ്രമുഖരെയാണ് പവാര്‍ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ഇതിനിടയിലാണ് ശരദ് പവാറും പ്രശാന്ത് കിഷോറും കൂടിക്കാഴ്ച നടത്തിയത്. ഇതോടെയാണ് മൂന്നാം മുന്നണിയെക്കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നത്. കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യമാണ് സംസാരിച്ചതെന്നും ഭാവിയില്‍ ഇത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post