ഡൽഹി : ഇന്ത്യൻ കോസ്റ്റ് ഗാർഡിന് (ഐസിജി) രണ്ട് പൊലൂഷൻ കണ്ട്രോൾ വെസ്സൽസ് (പിസിവി) നിർമ്മിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡുമായി (ജിഎസ്‌എൽ) കരാർ ഒപ്പിട്ടു. 583 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്. ജിഎസ്‌എൽ ഈ പ്രത്യേക കപ്പലുകൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
കടലിലെ എണ്ണ ചോർച്ച ദുരന്തങ്ങളോട് പെട്ടന്ന് പ്രതികരിക്കുകയും മലിനീകരണ പ്രതികരണ (പി ആർ ) കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന ഈ രണ്ട് കപ്പലുകളും യഥാക്രമം 2024 നവംബർ, 2025 മെയ് മാസങ്ങളിൽ വിതരണം ചെയ്യും.
ഇന്ത്യൻ ദ്വീപുകളുടെ ചുറ്റുമുള്ള മലിനീകരണ നിരീക്ഷണം, എണ്ണ ചോർച്ച നിരീക്ഷണം , പ്രതികരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി നിലവിൽ ഐസിജിയുടെ മുംബൈ, വിശാഖപട്ടണം, പോർബന്ദർ എന്നിവിടങ്ങളിൽ മൂന്ന് പിസിവികളുണ്ട്.
കിഴക്കൻ – ആൻഡമാൻ നിക്കോബാർ മേഖലകളിലെ മലിനീകരണ പ്രതികരണ ആവശ്യകതകൾക്കാണ് പുതിയ പിസിവികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സമുദ്ര എണ്ണ ചോർച്ച കണ്ടു പിടിക്കുന്നതിനുംപരിഹരിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യയുള്ള ഈ കപ്പലിൽ ഹെലിപാഡ് അടക്കമുള്ള സൗകര്യങ്ങളുണ്ട്.
ആത്മ നിർഭർ ഭാരത് അഭിയാന്റെ കീഴിലുള്ള ഈ കരാർ തദ്ദേശീയ കപ്പൽ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുകയും 200 ഓളം എംഎസ്എംഇ വെണ്ടർമാരെ ഉൾക്കൊള്ളുന്ന കപ്പൽ നിർമ്മാണ മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
Discussion about this post