തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ആക്ടിവിസ്റ്റ് ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഐഷയെ പൊലീസ് ഇന്നലെ ഏഴ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. രാവിലെ 10.40ന് ലക്ഷദ്വീപിലെ കവരത്തി പൊലീസ് സ്റ്റേഷനിൽ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് 6.45 വരെ നീണ്ടു നിന്നു. ഒരു മണിക്കൂർ ഉച്ച ഭക്ഷണത്തിനായി മാത്രമാണ് ഇടവേള അനുവദിച്ചത്.
ഇന്നു രാവിലെ 9.45ന് വീണ്ടും പൊലീസിനു മുൻപാകെ ഹാജരാകാൻ ഐഷയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് സൂചന. ഐഷയുടെ ഫോൺ/വാട്സാപ്പ് കോളുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. കവരത്തി ഇൻസ്പെക്ടർ ബി.മുഹമ്മദ്, എസ്ഐ അമീർ ബിൻ മുഹമ്മദ് എന്നിവരും വനിതാ പൊലീസുകാരുമുൾപ്പെടെ പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് ഐഷയെ ചോദ്യം ചെയ്യുന്നത്.
ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ജൈവായുധം പ്രയോഗിച്ചു എന്ന് ഐഷ സുൽത്താന മീഡിയ വൺ ചാനൽ ചർച്ചയിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.











