തിരുവനന്തപുരം: എം സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജി വെച്ചു. പരാതി പറയാൻ വിളിച്ച സ്ത്രീയോടുള്ള ജോസഫൈന്റെ ധിക്കാരം നിറഞ്ഞ പ്രതികരണം വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് രാജി.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. പതിനൊന്ന് മാസം കാലാവധി അവശേഷിക്കുമ്പോഴാണ് ജോസഫൈന്റെ രാജി. യോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ജോസഫൈനെ പിന്തുണച്ചു.
പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
“ഭർത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ ?”
“ഉണ്ട് . “
” അമ്മായിയമ്മ ? “
“ഭർത്താവും അമ്മായിയമ്മയും ചേർന്നാണ്…”
“എന്നിട്ട് നിങ്ങൾ എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല”
“ഞാൻ… ആരെയും അറിയിച്ചില്ലായിരുന്നു. “
“ആ… എന്നാ അനുഭവിച്ചോ “
ഇതായിരുന്നു ജോസഫൈനും യുവതിയും തമ്മിലുള്ള സംഭാഷണത്തിലെ വിവാദ ഭാഗം.











