തിരൂരങ്ങാടി: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന മൂന്നംഗ സംഘത്തെ തിരൂരങ്ങാടി പൊലീസ് പിടികൂടി. കാസര്‍കോട് കാഞ്ഞങ്ങാട് രാവണേശ്വരം മുനിയംകോട് വീട്ടില്‍ മുഹമ്മദ് ഷാഹിദ് (20), കാഞ്ഞങ്ങാട് ചിത്താരി കൂളിക്കാട് വീട്ടില്‍ എം.കെ. അബുതാഹിര്‍ (19), കാഞ്ഞങ്ങാട് ആവിയില്‍ മണവാട്ടി വീട്ടില്‍ മുഹമ്മദ് നിയാസ് (22) എന്നിവരെയാണ് മമ്പുറത്തു വെച്ച് കാറില്‍ 17കാരിയോടൊപ്പം തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ പത്തോടെ വണ്‍വേ തെറ്റിച്ച് വന്ന ആള്‍ട്ടോ കാറില്‍ മൂന്ന് യുവാക്കളും പര്‍ദ ധരിച്ച പെണ്‍കുട്ടിയുമാണ് പൊലീസിന് മുന്നില്‍ പെട്ടത്. സംശയം തോന്നിയ തിരൂരങ്ങാടി എസ്.ഐ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധ മറുപടിയാണ് നല്‍കിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാട്ടില്‍ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ഷോപ്പുകളില്‍ ജോലി ചെയ്യുകയാണ് യുവാക്കള്‍.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മുഹമ്മദ് നിയാസും പെണ്‍കുട്ടിയും കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രണയത്തിലാണെന്നും ചെമ്മാട് ടൗണില്‍ വാടകക്കെടുത്ത മുറിയിലേക്ക് പോവുകയായിരുന്നെന്നും കൂടെയുള്ളവര്‍ നിയാസിന്റെ സുഹൃത്തുക്കളാണെന്നും പൊലീസ് പറഞ്ഞു. ബന്ധുവും അയല്‍വാസിയുമായ മറ്റൊരു പെണ്‍കുട്ടിയുടെ ഫോണിലൂടെയാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസിനായി രക്ഷിതാവിന്റെ ഫോണ്‍ വാങ്ങുമ്പോ ഴാണ് പെണ്‍കുട്ടി നിയാസുമായി ബന്ധപ്പെടാറുള്ളത്. നിയാസ് വീഡിയോ കാള്‍ ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. ഷാഹിദിന് ചമ്രവട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഷെയര്‍ ചാറ്റിലൂടെയും അബൂ താഹിറിന് ഈശ്വരമംഗലം സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുമായി ഇന്‍സ്റ്റഗ്രാമിലൂടെയും ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. തിരൂരങ്ങാടി എസ്.ഐ രതീഷ്, സി.പി.ഒമാരായ രഞ്ജിത്ത്, സുധീഷ്, സുധ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post