ജമ്മു: ഡ്രോണ്‍ ഉപയോഗിച്ച് ജമ്മുവിലെ വ്യോമസേന കേന്ദ്രത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കി. അതിര്‍ത്തി ജില്ലയായ രജൗരിയില്‍ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള വിദൂര നിയന്ത്രിത പറക്കും പേടകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
ഇവയുടെ സംഭരണം, വില്പന, ഉപയോഗം എന്നിവക്കാണ് ജില്ല ഭരണകൂടം നിരോധനമേര്‍പ്പെടുത്തിയത്. ഡ്രോണുകള്‍ കൈവശമുള്ളവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഏല്പിക്കണമെന്ന് രജൗരി ജില്ല മജിസ്ട്രേറ്റ് രാജേഷ് കുമാര്‍ ശവന്‍ അറിയിച്ചു.സര്‍ക്കാര്‍ ഏജന്‍സികള്‍ സര്‍വേക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് സമീപത്തെ പൊലീസ്സ്റ്റേഷനില്‍ അറിയിക്കണം.
അതേസമയം ജമ്മുവില്‍ സൈനിക മേഖലക്ക് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. തുടര്‍ച്ചയായ നാലാംദിവസമാണ് ഡ്രോണുകള്‍ കണ്ടെത്തുന്നത്. ഇതോടെ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ബുധനാഴ്ച പുലര്‍ച്ചെ മിരാന്‍ സാഹിബ്, കലുചക്, കുഞ്ജാവനി മേഖലകളിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. 4.40നാണ് കലുചകില്‍ ഡ്രോണ്‍ കണ്ടത്. 4.52ന് കുഞ്ജാവനിയിലും ഡ്രോണ്‍ കണ്ടതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ നാല് ദിവസത്തിനിടെ ജമ്മുവിലെ സൈനിക മേഖലകളില്‍ ഡ്രോണ്‍ കണ്ടെത്തിയ ഏഴ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post