പല തരത്തിലുള്ള ചമ്മന്തികളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. തേങ്ങാ ചമ്മന്തി മുതൽ പുതിന, മല്ലിയില, അങ്ങനെ പല തരം ചമ്മന്തികൾ പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ. എന്നാൽ അടുത്തിടെ ഒഡിഷ ഹൈക്കോടതിയിൽ ഒരു ഹർജി വന്നു. അതിൽ പറയുന്നത് മറ്റൊന്നുമല്ല, കോവിഡിനെതിരെ ചോണനുറുമ്പ് ചമ്മന്തി ഉപയോഗിക്കാൻ കഴിയുമോ? ഇതായിരുന്നു ആ ഹർജിയിൽ ചോദിച്ചിരുന്നത്.
എൻജിനിയറും ഗവേഷകനുമായ നയാധര്‍ പധിയാല്‍ ആണ് ഗോത്രവംശജരുടെ ചോണനുറുമ്പ് ചമ്മന്തി കോവിഡ് ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജി നല്‍കിയത്. ഒഡിഷ, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, ത്രിപുര സംസ്ഥാനങ്ങളില്‍ ഗോത്ര മേഖലയില്‍ ചോണനുറുമ്പ് ചമ്മന്തി മരുന്നായി ഉപയോഗിക്കുന്നുണ്ട്. ചോണനുറുമ്പുകളെ പിടിച്ച് പച്ചമുളുകും ഉപ്പും ചേർത്തുണ്ടാക്കുന്ന ചമ്മന്തി സൂപ്പിനൊപ്പം ചേര്‍ത്ത് കഴിക്കാറുണ്ട്.
ഇവിടെ മാത്രമല്ല ലോകത്തിന്റെ പലഭാഗത്തും ഉറുമ്പും ഉറുമ്പിൻ മുട്ടയും ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. തായ്‌ലൻഡ്, ലാവോസ് തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളും, മെക്സിക്കോക്കാരും സജീവ ഉറുമ്പുതീറ്റക്കാരാണ് .കീടനാശിനികൾ, ഹോർമോണുകൾ തുടങ്ങിയ അപകടമൊന്നും ഇല്ലാത്ത ഭക്ഷണം. ഉയർന്ന പോഷകമൂല്യം, കൊളസ്റ്ററോൾ ഇല്ല. വ്യാപകമായ ലഭ്യത. ഇതാണ് ഈ ഉറുമ്പ് ചമ്മന്തിയുടെ ഒരു പ്രത്യേകത.
ഗോത്രവർഗക്കാർക്കിടയിൽ മരുന്നായി ഉപയോഗിച്ചു വരുന്നതാണ് ഈ ഉറുമ്പ് ചമ്മന്തി. തായ്ലാൻഡ് പോലെയുള്ള ഇടങ്ങളിൽ വേനൽക്കാലത്ത് ഗ്രാമപ്രദേശത്തെ കടകളിൽ ഉറുമ്പിൻ മുട്ട വാങ്ങാൻ കിട്ടും. ഒരു കിലോയ്ക്ക് 1500 രൂപ വരും. നീറ് എന്ന് വിളിക്കുന്ന നമ്മുടെ ചോണനുറുമ്പ് കൂട് പൊട്ടിച്ചെടുക്കുന്നു. ബക്കറ്റിലെ വെള്ളത്തിൽ മുക്കിപ്പിടിച്ച് തുറക്കുന്നു. ഒരു കമ്പുകൊണ്ട് ഇളക്കുന്നു. മുതിർന്ന ഉറുമ്പുകളെ ഓടിപ്പോവാൻ അനുവദിക്കുന്നു. ബക്കറ്റിലെ വെള്ളത്തിൽ അടിഞ്ഞു കിടക്കുന്ന ഉറുമ്പിൻ മുട്ടയും ലാർവയും ശേഖരിക്കുന്നു. പത്തുമുപ്പത് കൂട് പൊട്ടിച്ചാൽ അരക്കിലോ മുട്ട കിട്ടും.
ഉറുമ്പിൻ മുട്ട കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. ഉറുമ്പിൻ മുട്ട ഓംലറ്റ് പാചകം ലളിതമാണ്. കോഴിമുട്ട ഓംലറ്റ് വേവ് മുഴുവനാവുന്നതിനു മുമ്പ് മുകളിൽ ഉറുമ്പിൻ മുട്ട- ലാർവ മിശ്രിതം വിതറാറുമുണ്ട് ചിലയിടങ്ങളിൽ.
നമ്മുടെ കാസർകോട് നീലേശ്വരത്തുള്ള മലയോര നിവാസികൾക്കിടയിലും ഈ ചമ്മന്തി പ്രചാരത്തിലുണ്ട്. ജലദോഷം, ചുമ, പനി, ശ്വാസതടസം തുടങ്ങിയവയ്ക്ക് ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്. പച്ചമുളക്, ഉറുമ്പ്, ഉപ്പ് എന്നിവ ചേർത്താണ് ചമ്മന്തി തയ്യാറാക്കുന്നത്. മലവെട്ടുവർ,മാവിലാർ, എന്നി ആദിവാസി വിഭാഗത്തിൽപെടുന്ന നാല്പതോളം കുടുംബങ്ങളാണ് താമസിക്കുന്ന ഇടങ്ങളിലെ മരങ്ങളിലുള്ള നീറുകളെ വിഭവമാക്കാൻ ഉപയോഗിക്കുന്നത്. കാഞ്ഞിര മരമൊഴികെ ഇവരുടെ സമീപമുള്ള വന പ്രദേശങ്ങളിലെ വൻ മരങ്ങളിൽ വസിക്കുന്ന നീറുകളെയാണ് ഇവർ പ്രധാനമായി ഇതിനുപയോഗിക്കുന്നത്. ഉറുമ്പു കൊണ്ടുണ്ടാകുന്ന ഈ ചമ്മന്തി പല അസുഖങ്ങൾക്കുമുള്ള ഔഷധം കൂടിയാണ്.
പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഫോർമിക് ആസിഡ്, പ്രോട്ടീൻ, കാൽസ്യം, വൈറ്റമിൻ ബി12, സിങ്ക്, അയൺ എന്നിവയാൽ സമ്പുഷ്ടമാണ് ഉറുമ്പ് ചമ്മന്തി. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലെ ഗോത്രവർഗക്കാർക്കിടയിൽ ഈ ചമ്മന്തി പ്രചാരത്തിലുണ്ടെന്നും സ്ഥിരമായി ഉപയോഗിക്കുന്നതിനാലാവണം ഗോത്രവർഗക്കാർക്കിടയിൽ കൊവിഡ് വ്യാപനം കുറയുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Discussion about this post