തിരുവനന്തപുരം : നാട്ടുകാരുടെ സുരക്ഷയ്ക്കായി വെയിലും മഴയും പൊടിയുമേറ്റ് ജോലി ചെയ്യുന്ന പോലീസുകാരോട് കത്തയച്ച് ആദരവ് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നവര്‍ മഹാരഥന്മാര്‍ വാണ സ്ഥാനത്തിന്റെ ആദരവ് നഷ്ടമാക്കുകയാണെന്ന് പോലീസ് അസോസിയേഷന്‍. മഹാമാരി സാഹചര്യത്തില്‍ പോലും കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യുട്ടടിക്കാന്‍ വേണ്ടി നിര്‍ത്തിയരിക്കുന്നവരല്ലെന്നും ട്രാഫിക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കാര്യത്തിനായി നിര്‍ത്തിയിരിക്കുന്നവരാണെന്നും പറഞ്ഞു.
തന്നെ കാണുന്ന പോലീസുകാര്‍ തിരിഞ്ഞു നില്‍ക്കുകയാണെന്നും സല്യൂട്ട് അടിക്കുന്നില്ലെന്നുമുള്ള തൃശൂര്‍ മേയറുടെ പരാതിയ്ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത് പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജുവാണ്. ചിലരെങ്കിലും ധരിക്കുന്നത് പോലെ താഴ്ന്ന റാങ്കില്‍ ഉള്ളവര്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ളവരെ ‘ONE WAY’ ആയി ചെയ്യുന്ന ആചാരമല്ലെന്നും ബിജു പറയുന്നു.
സല്യൂട്ട് ഉള്‍പ്പെടെയുള്ള ആചാരത്തിന് പകരം ഔദ്യോഗികകൃത്യം ഭംഗിയായി നിറവേറ്റുകയാണു വേണ്ടത് എന്ന വ്യക്തമായ നിര്‍ദേശം ഉള്‍പ്പെടെ സര്‍ക്കുലറായി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള പുരോഗമനപരവും സാമൂഹ്യ വീക്ഷണവും ഉള്ള മേലുദ്യോഗസ്ഥരാല്‍ നയിക്കുന്ന സേനയാണ് കേരള പൊലീസ് എന്ന് അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നുവെനളനാണ് ബിജു വ്യക്തമാക്കുന്നത്.
ഓരോരുത്തര്‍ക്കും നല്‍കേണ്ട സ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് മാത്രമാണെന്നും സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് സല്യൂട്ട് ചെയ്യിക്കാനുള്ളതല്ലെന്നും ബിജുവിന്റെ പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മറുപടി. ട്രാഫിക് ഡ്യൂട്ടിയില്‍ വ്യാപൃതനായിരിക്കുന്ന ഉദ്യോഗസ്ഥര്‍, അതുവഴി കടന്നുപോകുന്ന ഉന്നതരെ സല്യൂട്ട് ചെയ്യണമെന്ന് ആരും നിര്‍ബന്ധിക്കാത്തതിനു കാരണം അവരുടെ ജോലിയുടെ ഗൗരവം പരിഗണിച്ചാണെന്ന് പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.പ്രശാന്തും പ്രതികരിച്ചു.
റോഡില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അതുവഴി കടന്നു പോകുന്ന ഉന്നത സ്ഥാനീയരെ ആദരിക്കാന്‍ വേണ്ടി ഉപചാരപൂര്‍വം നിര്‍ത്തിയിരിക്കുന്നവര്‍ അല്ല എന്നും നിരത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും, കാല്‍നടയാത്രക്കാരുടെയും സുഗമമായ യാത്രയും, സുരക്ഷയും ഉറപ്പാക്കാന്‍ നിയോഗിച്ചവര്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രശാന്ത് പറയുന്നു.
നഗരപരിധിയില്‍ താന്‍ ഔദ്യോഗിക വാഹനത്തില്‍ പോകുമ്ബോള്‍ പൊലീസുദ്യോഗസ്ഥര്‍ സല്യൂട്ട് അടിക്കാറില്ലെന്നും തിരിഞ്ഞു നില്‍ക്കുകയാണ് ചെയ്യാറെന്നുമാണ് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് ഡിജിപിക്കു പരാതി നല്‍കിയത്. നഗരപരിധിയില്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയറുടെ സ്ഥാനമെന്നും ഓര്‍മിപ്പിച്ചു. എംപിയ്ക്കും എംഎല്‍എ യ്ക്കും മുകളിലുള്ള സ്ഥാനമായിട്ടും പോലീസുകാരില്‍ നിന്നും ബഹുമാനം കിട്ടുന്നില്ലെന്നും പറഞ്ഞു. ഇക്കാര്യം പലതവണ താന്‍ ഉന്നത പോലീസുകാരെ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും ആദരിക്കപ്പെടേണ്ടവര്‍ക്ക് അത് നല്‍കുന്ന വിധത്തില്‍ കീഴ്ജീവനക്കാരിലേക്കു സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസറുടെ പ്രോട്ടോക്കോള്‍ പട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
സി ആര്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
പോലീസും സല്യൂട്ടും…
കേരള പോലീസ് ഉള്‍പ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങള്‍ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് SALUTE.
SALUTE എന്നത് പരസ്പര ബഹുമാനത്തിന്റെ കൂടി രൂപമാണ്.
” ആന്തരിക ബഹുമാനത്തിന്റെ ബഹിര്‍സ്ഫുരണം” എന്നാണ് മലയാളത്തില്‍ SALUTE എന്ന വാക്കിന് നല്‍കിയിട്ടുള്ള നിര്‍വ്വചനം. ചിലരെങ്കിലും ധരിക്കുന്നത് പോലെ താഴ്ന്ന റാങ്കില്‍ ഉള്ളവര്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ളവരെ ‘ONE WAY’ ആയി ചെയ്യുന്ന ആചാരമല്ല. താഴ്ന്ന റാങ്കില്‍ ഉള്ളവര്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ളവരെ SALUTE ചെയ്യുമ്ബോള്‍, ഉയര്‍ന്ന റാങ്കില്‍ ഉള്ളവര്‍ തിരിച്ചും അവരെ ആചാരം ചെയ്യും. ഇങ്ങനെ സേനാംഗങ്ങള്‍ പരസ്പരം കൈമാറുന്ന ആദരവാണ് SALUTE. കൂടാതെ രാജ്യത്തെ ഭരണകര്‍ത്താക്കള്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരേയും SALUTE ചെയ്യാറുണ്ട്. അവരും ഇപ്രകാരം തിരിച്ചും ചെയ്യേണ്ടതാണ്.
ദേശീയ പതാകയേയും, അതാത് സേനാവിഭാഗങ്ങള്‍ അതാത് വിഭാഗങ്ങളുടെ പതാകകളേയും SALUTE നല്‍കി ആദരിക്കാറുണ്ട്. ജനാധിപത്യ സമൂഹത്തില്‍ ജനപ്രതിനിധികളെ ആദരവോടെ കാണുന്ന വിഭാഗമാണ് കേരളത്തിലെ പോലീസ് സേനാ വിഭാഗം. അതിന്റെ ആദരവ് PSO യില്‍ എന്താണ് പറയുന്നത് എന്ന് പോലും നോക്കാതെ നമ്മുടെ സേനാംഗങ്ങള്‍ നല്‍കി വരുന്നുണ്ട്.
ഇത്രയും എഴുതാന്‍ കാരണം, എനിക്കും പോലീസ് ഉദ്യോഗസ്ഥന്‍ SALUTE ചെയ്യണം എന്ന് കാണിച്ച് പലരും സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് അയക്കുന്ന പരാതികള്‍ കണ്ടതുകൊണ്ടാണ്. യൂണിഫോമില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടാല്‍ എനിക്കും ഒരു SALUTE കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലര്‍ സ്വാഭാവികമാണ്. എന്നാല്‍ അതിന് നിര്‍ദ്ദേശം നല്‍കണം എന്ന പരാതി അയച്ചതിനെ ആശ്ചര്യത്തോടെ കാണുന്നു എന്ന് സൂചിപ്പിക്കട്ടെ.
റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുമ്ബോള്‍ റോഡില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ല എന്നാണ് ഇപ്പോള്‍ കണ്ട പരാതി. ഇത്തരത്തില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ല. അവര്‍ ട്രാഫിക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സല്യൂട്ട് ഉള്‍പ്പെടെയുള്ള ആചാരമല്ല ചെയ്യേണ്ടത്, ഔദ്യോഗികകൃത്യം ഭംഗിയായി നിറവേറ്റുകയാണ് വേണ്ടത് എന്ന വ്യക്തമായ നിര്‍ദ്ദേശം ഉള്‍പ്പെടെ സര്‍ക്കുലറായി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള പുരോഗമനപരവും സാമൂഹ്യ വീക്ഷണവും ഉള്ള മേലുദ്യോഗസ്ഥന്മാരാല്‍ നയിക്കുന്ന സേനയാണ് കേരള പോലീസ് എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നു.
സര്‍ക്കാര്‍ പരിപാടികളില്‍ ഓരോരുത്തര്‍ക്കും നല്‍കേണ്ട സ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ വ്യവസ്ഥകള്‍ നിലവിലുണ്ടാകും. എന്നാല്‍ അത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് മാത്രമാണ്. അല്ലാതെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥന്മാരെ കൊണ്ട് സല്യൂട്ട് ചെയ്യിക്കാനുള്ളതല്ല എന്ന് കൂടി സൂചിപ്പിക്കട്ടെ.
സേനാംഗങ്ങള്‍ വലിയ മൂല്യം നല്‍കുന്ന ആചാരമാണ് SALUTE. അത് നിയമാനുസരണം അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ നല്‍കാന്‍ കഴിയൂ. അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്‍കേണ്ട ഒന്നല്ല എന്ന് കൂടി വിനയപൂര്‍വ്വം അറിയിക്കട്ടെ.
C.R. ബിജു
ജനറല്‍ സെക്രട്ടറി
KPOA
Discussion about this post