ഡല്‍ഹി: കൊവിഡ് വാക്സിനെടുത്തവരില്‍ രോഗം ബാധിച്ച് മരണമടഞ്ഞവര്‍ കേവലം രണ്ട് ശതമാനം മാത്രമാണെന്ന് പഠനഫലം പുറത്ത് വിട്ട് കേന്ദ്രസർക്കാർ. ഒരു ഡോസ് സ്വീകരിച്ചവരില്‍ മരണത്തില്‍ നിന്നും സംരക്ഷണം ലഭിച്ചത് 92 ശതമാനം പേര്‍ക്കാണ്. പഞ്ചാബില്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ഈ വിവരം. ചണ്ഡിഗഡിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചാണ് പഠനം നടത്തിയത്. പഞ്ചാബ് സര്‍ക്കാരുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ വിവരമുളളത്.
പഞ്ചാബ് പൊലീസില്‍ 4868 പേര്‍ക്ക് വാക്സിന് നല്‍കിയിരുന്നില്ല. ഇവരില്‍ 15 പേര് കൊവിഡ് ബാധിച്ച് മരണമടഞ്ഞു. ആയിരം പേരില്‍ 3.08 ശതമാനം പേര്. ഒറ്റ ഡോസ് വാക്സിനെടുത്ത 35,856 പേരില്‍ ഒന്‍പത് പേര് മരിച്ചു. ആയിരം പേരില്‍ 0.25 ശതമാനം മാത്രം. 42,720 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്കി. ഇവരില്‍ 1000 പേരില്‍ 0.05 ശതമാനം പേര് മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നീതി അയോഗ് ആരോഗ്യകാര്യ അംഗം ഡോ.വി.കെ പോള്‍ അറിയിച്ചു.
ജനസമ്പര്‍ക്കം കൂടിയ ഹൈ റിസ്ക് വിഭാഗത്തില്‍ വരുന്നവരാണ് പൊലീസ്. ഇവരില്‍ ആദ്യഡോസ് സ്വീകരിച്ചവരില്‍ 92 ശതമാനം പേര്‍ക്കും രണ്ട് ഡോസും സ്വീകരിച്ചവരില്‍ 98 ശതമാനം പേരും കൊവിഡ് മരണത്തില്‍ നിന്നും രക്ഷ നേടി. ഇതില്‍ നിന്നും വാക്സിനേഷന്, കൊവിഡ് മരണത്തില്‍ നിന്നും രോഗത്തിന്റെ ഗുരുതരാവസ്ഥയില്‍ നിന്നും മോചനം നേടാന്‍ സഹായിക്കുന്നെന്ന് മനസിലാക്കാമെന്ന് ഡോ.വി.കെ പോള്‍ പറഞ്ഞു.
Discussion about this post