ആഫ്രിക്കൻ രാജ്യങ്ങളിൽ പലയിടത്തായി ‘നമസ്‌തെ ഇന്ത്യ’ എന്നപേരിൽ ഒമ്പതോളം റെസ്റ്റോറന്റുകൾ, സാമൂഹ്യ-മനുഷ്യാവകാശപ്രവർത്തകൻ, മുന്നിൽ വന്ന് കൈനീട്ടുന്നവർക്കായി വാരി കോരി കാരുണ്യം ചൊരിയുന്ന ആന്റണി ഫെർണാണ്ടസ്. കേൾക്കുമ്പോൾ ഏറെ മതിപ്പ് തോന്നുന്ന, ബഹുമാനം തോന്നുന്ന ഈ വ്യക്തിക്ക് ഇന്ത്യയിൽ മറ്റൊരു പേരുണ്ട് -രവി പൂജാരി. മുംബൈ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയ ക്രിമിനൽ, മുംബൈ അധോലോകത്തെ ഷാർപ്പ് ഷൂട്ടർ.
എൺപതുകളുടെ അവസാനത്തിൽ, ബാലാ സാൾട്ടെ എന്ന ലോക്കൽ ദാദയെ കൊന്നുതള്ളിയതോടെയാണ് രവി പൂജാരിയെ മുംബൈ ശ്രദ്ധിക്കാൻ തുടങ്ങിയത്. 2018 ൽ വെടിവയ്പു നടന്ന കടവന്ത്രയിലെ ‘നെയിൽ ആർട്ടിസ്ട്രി’ ബ്യൂട്ടി സലൂണിൽ പ്രതികളായ വിപിനും ബിലാലും ഉപേക്ഷിച്ച കടലാസു കഷണത്തിൽ എഴുതിയിരുന്ന പേരും രവി പൂജാരി’ എന്നായിരുന്നു .
ദാവൂദിനും ഛോട്ടാരാജനുമൊപ്പം നിന്ന കാലത്തു പോലും ഒരാൾക്കെതിരെ തോക്കുചൂണ്ടാനുള്ള ത്രാണിയില്ലാതിരുന്ന രവി പൂജാരി എങ്ങനെയാണ് ഇന്ത്യ അറിയുന്ന ‘ഡോണാ’യത്. കർണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള മാൽപെയിലാണ് രവി പൂജാരിയുടെ ജനനം. പഠിത്തം പാതിവഴി നിന്നപ്പോൾ മുംബൈയിലേക്ക് കുടിയേറി. അവിടെ അന്ധേരിയിലെ ചായത്തട്ട് തുടങ്ങി. ഛോട്ടാ രാജൻ സംഘത്തിലെ ഉന്നം തെറ്റാത്ത വെടിവയ്‌പുകാരനായിരുന്ന രോഹിത് വർമയും കൂട്ടാളി വിനോദ് മണ്ഡറും സ്ഥിരമായി ചായകുടിക്കാൻ വന്നിരുന്നതു രവി പൂജാരി ജോലി ചെയ്തിരുന്ന അന്ധേരിയിലെ കടയിലാണ്. അതാണയാളുടെ ജീവിതത്തിലെ വഴിത്തിരിവായത്.
പതുക്കെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് നടന്നുകയറിയ രവി പൂജാരി തന്റെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് ഡോംബിവിലി കേന്ദ്രീകരിച്ചായിരുന്നു. രവി താമസിയാതെ ഛോട്ടാ രാജന്റെ സംഘത്തില്‍ ചേരുകയും, വളരെപ്പെട്ടന്ന് രാജന്റെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. ഛോട്ടാ രാജന്റെ വലംകൈയായി മാറാന്‍ പൂജാരിക്ക് ഏറെ സമയം വേണ്ടി വന്നില്ല. അതോടെ രവി പൂജാരി എന്ന അധോലോക ഷാർപ്പ് ഷൂട്ടറെപ്പറ്റിയുള്ള കഥകൾ മുംബൈയിൽ പ്രചരിച്ചു തുടങ്ങി
എന്നാൽ ഒരിക്കൽ പോലും തോക്ക് കൈകൊണ്ടു തൊടാൻ ധൈര്യമില്ലാതിരുന്ന രവി പൂജാരി അയാളുടെ ഗുരു രോഹിത് വർമയുടെ വിലാസത്തിലാണ് ഉന്നംതെറ്റാത്ത വെടിക്കാരനെന്നു സ്വയം അവതരിപ്പിക്കാൻ തുടങ്ങിയത്. മറ്റുള്ള ഗുണ്ടാ സംഘങ്ങൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ പോലും സ്വയം ഏറ്റെടുത്തു വാർത്തകളിൽ നിറയുന്നത് ഇയാളുടെ ശീലമാണ്. 1993 ബോംബെ ബോംബ് ബ്ലാസ്റ്റ് കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തു എന്ന പേരിൽ സുപ്രസിദ്ധ വക്കീൽ ഷാഹിദ് ആസ്മിയെ വെടിവെച്ചു കൊന്നത് രവി പൂജാരിയുടെ ആളുകളാണ് എന്ന് കരുതപ്പെടുന്നു.
മുംബൈ സ്ഫോടന പരമ്പരയ്ക്കു ശേഷം ദാവൂദ് ഇബ്രാഹിം ദുബായിലേക്കും പിന്നീട് പാക്കിസ്ഥാനിലേക്കും കൂടുമാറിയതോടെ ഛോട്ടാരാജനും ഇന്ത്യവിട്ടു. ഇവരുടെ സംഘത്തിൽ മുംബൈയിൽ ശേഷിക്കുന്ന ഏക അധോലോക കുറ്റവാളി രവി പൂജാരിയായി. ഈ സന്ദർഭം ഇയാൾ ശരിക്കും മുതലാക്കി.
സൽമാൻഖാൻ, ഷാരൂഖ്ഖാൻ, മഹേഷ് ഭട്ട്, കരൺ ജോഹർ, ഋതീഷ് ദേശ്‌മുഖ്, പ്രീതി സിന്റ. രവി പൂജാരി നേരിട്ടു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സിനിമാപ്രമുഖരുടെ നിര ഇനിയും നീണ്ടതാണ്. മംഗലുരുവിലെ ശബ്നം ഡെവലപ്പേഴ്സിന്റെ ഓഫീസിൽ നടന്ന വെടിവെപ്പിലും രവിപുജാരിയുടെ പേരാണ് എഫ്‌ഐആറിൽ ഉണ്ടായിരുന്നത്.
ഇത്തരം ഭീഷണികളെല്ലാം വാർത്താ ചാനലുകളോടു സ്വയം വെളിപ്പെടുത്തി വലിയ വാർത്തകളാക്കി. ഇതിന്റെ മറവിലായിരുന്നു രവി പൂജാരി തഴച്ചു വളർന്നത്.
കർണാടകത്തിൽ മാത്രം രവി പുജാരിക്കെതിരെ നിലവിലുള്ളത് 97 വധഭീഷണിക്കേസുകളാണ്. അതിൽ രണ്ടെണ്ണത്തിൽ ജീവപര്യന്തം കഠിനതടവ് ശിക്ഷയും പുജാരിക്ക് വിധിച്ചു കിട്ടിയിട്ടുണ്ട്. ഇതിനു പുറമെ മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡസൻ കണക്കിന് ക്രിമിനൽ കേസുകൾ വേറെയുണ്ട്. ആകെ 200 -ലധികം വധഭീഷണിക്കേസുകൾ.
അതുവരെ കിട്ടിയ പണത്തിൽ നല്ലൊരു പങ്കും ഭാര്യയ്ക്കും മക്കൾക്കും നൽകിയ രവി പൂജാരി അവരെ ഇംഗ്ലണ്ടിലാണു താമസിപ്പിച്ചത്. മക്കൾക്കു മികച്ച വിദ്യാഭ്യാസം നൽകാനും കുറ്റകൃത്യങ്ങളിൽനിന്ന് അകറ്റി നിർത്താനും ആദ്യം മുതൽ ശ്രദ്ധിച്ചിരുന്നു. പിന്നീട് ആന്റണി ഫെർണാണ്ടസ് എന്നു പേരുമാറി വ്യാജ പാസ്പോർട്ടിൽ സെനഗലിലേക്കു കടന്ന് അവിടെ ‘നമസ്തേ ഇന്ത്യ’ ഹോട്ടൽ ശൃംഖല വളർത്തി. ഇതിനിടയിലും പഴയ ശീലം അയാൾ വിട്ടില്ല.
2010നു ശേഷം രവി പൂജാരിയുടെ ഭീഷണി വ്യവസായം മുംബൈയിൽ വിലപ്പോവാതായതോടെയാണു കേരളം അടക്കമുള്ള തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കും പൂജാരിയുടെ സാറ്റലൈറ്റ് ഫോൺവിളികൾ എത്തിയത്. വിദേശരാജ്യങ്ങളിൽ ഇരുന്നു സാറ്റലൈറ്റ് ഫോൺവഴി ഭീഷണി മുഴക്കുന്ന രവി പൂജാരി ഇരകളെ ഭയപ്പെടുത്താൻ നടത്തുന്ന ഇത്തരം വെടിവയ്പുകൾക്കു ലോക്കൽ ഗുണ്ടാസംഘങ്ങളുടെ സഹായം തേടുകയാണ് പതിവ്.
കൊച്ചിയിലെ ബ്യൂട്ടി പാർലറിലും സമാന ‘ഓപറേഷനാണ്’ രവി പൂജാരി നടത്തിയത്. ലീന മാറിയ പോൾ എന്ന മോഡലിന്റെ ഉടമസ്ഥതയിലുള്ള നെയിൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടി പാർലറിൽ വിളിച്ചും പണം ആവശ്യപ്പെട്ടു ഭീഷണി മുഴക്കിയിരുന്നു പൂജാരി. പണം കിട്ടാതെ വന്നപ്പോൾ കാസർകോട്ടെ തന്റെ സംഘത്തെ ഉപയോഗിച്ച് സലൂണിനു നേർക്ക് വെടിയുതിർക്കുകയും ചെയ്തു രവി പൂജാരി.
ഇപ്പോൾ രവി പൂജാരിയെ തിരികെ ഇന്ത്യയിലേക്ക് നാടുകടത്തിക്കൊണ്ടുവരാൻ കഴിഞ്ഞത് ഒരു നയതന്ത്ര നേട്ടം കൂടി ആയാണ് കണക്കാക്കപ്പെടുന്നത്. കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് കേരളത്തിലെ ഇയാളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നത്.
Discussion about this post